റസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിംഗ് വഴി സർക്കാരിന് ലഭിച്ചത് 20 കോടിയിലധികം രൂപ : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഫോർട്ടുകൊച്ചി റസ്റ്റ് ഹൗസ് ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.   ചരിത്രപരമായി പ്രാധാന്യമുള്ള പൈതൃക ടൂറിസ്റ്റ് കേന്ദ്രമാണ് ഫോർട്ട് കൊച്ചി. വിദേശസഞ്ചാരികൾ ഉൾപ്പെടെ ഫോർട്ട് കൊച്ചിയിൽ എത്തുന്നു.

author-image
Shyam Kopparambil
Updated On
New Update
muhammed riyas

 

കൊച്ചി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ റസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിംഗ് വഴി 20 കോടിയിലധികം രൂപയാണ് സർക്കാരിന് വരുമാനമായ ലഭിച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.  ഫോർട്ട് കൊച്ചിയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നവീകരിച്ച റസ്റ്റ് ഹൗസിന്റെയും റസ്റ്റോറൻറ് ആക്കുന്നതിനായി പുതുക്കിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഫോർട്ടുകൊച്ചി റസ്റ്റ് ഹൗസ് ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. 
 ചരിത്രപരമായി പ്രാധാന്യമുള്ള പൈതൃക ടൂറിസ്റ്റ് കേന്ദ്രമാണ് ഫോർട്ട് കൊച്ചി. വിദേശസഞ്ചാരികൾ ഉൾപ്പെടെ ഫോർട്ട് കൊച്ചിയിൽ എത്തുന്നു. ഫോർട്ടുകൊച്ചിയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി റസ്റ്റ് ഹൗസ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയെ തുടർന്നാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകൾ ആക്കി മാറ്റുന്നതിനും ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുന്നതിനും തീരുമാനിച്ചത്. റസ്റ്റ് ഹൗസ് നവീകരിക്കുന്നതിനായി പ്രത്യേക തുക ചെലവഴിക്കാൻ സർക്കാർ തീരുമാനിച്ചു. പഴമയുടെ സൗന്ദര്യം തുടിക്കുന്ന പുതിയ കെട്ടിടത്തിൽ ഒരു റസ്റ്റോറൻറ് കൂടി സജ്ജമാക്കി. ഫോർട്ടുകൊച്ചി റസ്റ്റ് ഹൗസ് ഇപ്പോൾ പഴയ റസ്റ്റ് ഹൗസ് അല്ല എന്ന് വ്യക്തമാണ്. ഈ നേട്ടം കൈവരിക്കുന്നതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ചു നിന്നു. 
ഒരു വർഷം മുൻപാണ് റസ്റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സമയബന്ധിതമായി ഇത് പൂർത്തീകരിക്കാനും കഴിഞ്ഞു. 
2021 നവംബർ ഒന്നിനാണ് കേരളത്തിലെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചത്. കേരളത്തിൽ പൊതുമരാമത്ത് വകുപ്പിനു കീഴിൽ 153 റസ്റ്റ് ഹൗസുകളും 1100ലധികം റൂമുകളും ഉണ്ട്. നേരത്തെ മുറി ബുക്ക് ചെയ്യണമെങ്കിൽ കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അപേക്ഷ നൽകി തിരുവനന്തപുരത്ത് എത്തി തീരുമാനമെടുക്കണം ആയിരുന്നു. എന്നാൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ ഈ തടസ്സം മറികടക്കാൻ കഴിഞ്ഞു. കേരളത്തിലെ റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മാറ്റി തീർക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചത്. 2021 നവംബർ ഒന്നു മുതൽ ഇതുവരെ 316,000 പേർ ഓൺലൈനായി ബുക്ക് ചെയ്തു.  കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ ഫോർട്ട് കൊച്ചി റസ്റ്റോറൻറ് റസ്റ്റ് ഹൗസിനെയും ടൂറിസം സാധ്യതകളെയും പ്രയോജനപ്പെടുത്തു ന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. ഒരുകോടി 45 ലക്ഷം രൂപ ചെലവഴിച്ചാണ് റസ്റ്റ് ഹൗസ് നവീകരിച്ചത്. ആധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ചു മുറികളാണ് ഇവിടെയുള്ളത്. കെ ജെ മാക്സി എംഎൽഎ, ഡൽഹിയിലെ കേരള സർക്കാരിൻറെ പ്രതിനിധി കെ വി തോമസ്, കൊച്ചി നഗരസഭ ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ, വാട്സാപ്പിൽ കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത്, കൗൺസിലർമാരായ ആൻറണി കുരിത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ട് എൻജിനീയർ എസ് ആർ അനിതകുമാരി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ജെസ്സി മോൾ ജോഷ്വാ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

kochi ernakulam Ernakulam News pwd pa muhammed riyas muhammed riyas ernakulamnews