കോഴിക്കോട്: വയനാട്ടിലെ ദുരന്തം നേരിട്ട് കണ്ടതിന്റെയും അനുഭവിച്ചതിന്റെയും ഞെട്ടൽ മാറാതെ വിവിധ ക്യാമ്പുകളിൽ കഴിയുന്നവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. മുണ്ടക്കൈയിൽ ഉണ്ടായത് വൻ ദുരന്തമാണെന്നും സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്ന് മാത്രം അല്ല, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവർണർ പറഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലെത്തും.
മുഖ്യമന്ത്രിയും ഇന്ന് ദുരന്ത സ്ഥലം സന്ദർശിക്കും. നിലവിൽ 3100 പേരാണ് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സ തേടിയ പലരും ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയി ക്യാമ്പിലാണ് കഴിയുന്നത്. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.