തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ സര്‍ക്കാര്‍ ഫയല്‍ പുറത്ത്. റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടികളുടെ ഭാഗമായ വിഷയങ്ങളുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് 2020 ഫെബ്രുവരിയില്‍ തന്നെ ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിക്കും അന്നത്തെ സാംസ്‌കാരികമന്ത്രി എ.കെ ബാലനും ഫയല്‍ സമര്‍പ്പിച്ചു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കിട്ടിയശേഷം സര്‍ക്കാര്‍ എന്ത് ചെയ്തു, ചെയ്തില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ ഫയല്‍. 61 പേജുള്ള ഈ ഫയലില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമാണ്. രണ്ട് ഭാഗങ്ങളായാണ് റിപ്പോര്‍ട്ടുള്ളത് എന്ന് ഈ ഫയലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ വിവരാവകാശപ്രകാരം പുറത്തുവിട്ട ഭാഗത്തിന് പുറമെ അനുബന്ധരേഖകളും പെന്‍ഡ്രൈവുമുണ്ട്. ഇതൊരു സേഫ് കസ്റ്റഡിയിലേക്ക് മാറ്റിവെച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടികള്‍ ആവശ്യമുള്ള കാര്യങ്ങളുണ്ടെന്ന് 2020ല്‍ തന്നെ സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ഈ ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ്. ഐ.പി.സി, സി.ആര്‍.പി.സി പ്രകാരമുള്ള നടപടികള്‍ വേണ്ട കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ടെന്നാണ ഈ ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഫയല്‍ പിന്നീട് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെയും മുഖ്യമന്ത്രിയുടെയും മുന്നിലെത്തുന്നുണ്ട്. പക്ഷേ, ആ ഘട്ടങ്ങളിലൊന്നും തന്നെ ഈ കാര്യങ്ങളില്‍ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ യാതൊരു ചര്‍ച്ചയും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഈ ഫയലില്‍ നിന്ന് മനസ്സിലാകുന്നത്.
നേരത്തെയുണ്ടായിരുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ആലോചിച്ച ബില്ലില്‍ ഈ ശുപാര്‍ശകള്‍ കൂടെ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നത് പരിശോധിക്കണം എന്നത് മാത്രമാണ് മുഖ്യമന്ത്രി ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ഫയലിലുള്ള ചര്‍ച്ചകളെല്ലാം നിയമ നിര്‍മാണവുമായി ബന്ധപ്പെട്ടാണ്. ക്രിമിനല്‍ നടപടിയെ കുറിച്ച് ഈ സമയത്തൊന്നും യാതൊരു ചര്‍ച്ചയും ഉണ്ടായതായി റിപ്പോര്‍ട്ടിലില്ല. പിന്നീട് 2021ലാണ് റിപ്പോര്‍ട്ട് മാത്രമായി ഡി.ജി.പിക്ക് കൈമാറുന്നത്.