തിരുവനന്തപുരം: പ്രതിവർഷം രാജ്യത്ത് 1000 ടൺ സ്വർണം ക്രയവിക്രയം ചെയ്യുന്നതിൽ 30 ശതമാനവും കേരളത്തിലായിരിക്കെ, ഇതിൽ നിന്നുള്ള നികുതി വരുമാനത്തിന്റെ കണക്ക് പോലും കൈയ്യിലില്ലാതെ സംസ്ഥാന സർക്കാർ. 2016 മുതൽ 2024 വരെ സ്വർണ്ണ വിൽപനയിലൂടെ ലഭിച്ച നികുതി എത്രയാണെന്നുള്ള മാത്യു കുഴൽനാടൻ എം എൽ എയുടെ ചോദ്യത്തിന് ശേരിയായ കണക്ക് ലഭ്യമല്ലെന്നായിരുന്നു കെ എൻ ബാലഗോപാലിന്റെ നിയമസഭയിലെ മറുപടി.
ജി എസ് ടി റിട്ടേൺ സംവിധാനത്തിൽ ആകെ വിറ്റുവരവാണ് കണക്കാക്കുന്നതെന്നും ഇതിൽ സ്വർണവില്പനയിലൂടെ മാത്രമുള്ള വരുമാനം കൃത്യമായി അറിയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, 2023 മാർച്ചിൽ നിയമസഭയിൽ എ പി അനിൽ കുമാറിന് നൽകിയ ഉത്തരത്തിൽ 2017 മുതൽ 2022 വരെ സ്വർണത്തിൽ നിന്നുള്ള നികുതിയിൽ കണക്കുകൾ മന്ത്രി നൽകിയിട്ടുമുണ്ട്. കേരളത്തിലെ വാർഷിക സ്വർണ ഉപയോഗം 200 മുതൽ 300 ടൺ വരെയെന്നാണ് കണക്ക്.