ദേശീയപാതകള്‍, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി ഗ്രാമീണ റോഡുകള്‍ വരെ ഉന്നത നിലവാരത്തില്‍ നിര്‍മിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
സംസ്ഥാന സര്‍ക്കാര്‍ 14 കോടി രൂപ അനുവദിച്ച് നിര്‍മിക്കുന്ന കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന 1.15 കിലോമീറ്റര്‍ റോഡിന്റെ നവീകരണം പൂര്‍ത്തിയായി. മുരിങ്ങമംഗലം മുതല്‍ വട്ടമണ്‍ വരെയുള്ള 2.8 കിലോമീറ്റര്‍ റോഡും വട്ടമണ്‍ മുതല്‍ പയ്യനാമണ്‍ വരെയുള്ള 1.9 കിലോമീറ്റര്‍ റോഡുമാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്. 12 മീറ്റര്‍ വീതിയില്‍ ആധുനിക നിലവാരത്തില്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ മെഡിക്കല്‍ കോളജിലേക്കുള്ള ഗതാഗതസൗകര്യം ഏറെ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളജിലെ മൂന്നാം ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയുടെ നവീകരണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോന്നി ആനകുത്തി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തുളസി മണിയമ്മ, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.