സഞ്ചാരികളെ കാത്ത് മാലിന്യകൂമ്പാരം; മൂക്ക് പൊത്തി സൗന്ദര്യം ആസ്വദിക്കാം

വൃത്തിക്കുറവ് തന്നെ പ്രധാനപ്രശ്‌നം. മാലിന്യകൂമ്പാരത്തിനു മുന്നിലൂടെ മൂക്ക് പൊത്തിവേണം സഞ്ചാരികള്‍ക്ക് ഇവിടങ്ങള്‍ സന്ദര്‍ശിക്കാന്‍. തങ്ങളുടെ ചുറ്റുപാട് മാലിന്യത്തില്‍ മുങ്ങിയതില്‍ അധികൃതര്‍ക്കൊപ്പം നാട്ടുകാര്‍ക്കുമുണ്ട് പങ്ക്

author-image
Prana
New Update
garbage

തിരുവനന്തപുരത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിത്യവും വിദേശികള്‍ക്കൊപ്പം അന്യസംസ്ഥാനത്തുനിന്നും നിരവധി സഞ്ചാരികളാണ് എത്തുന്നത്. കോവളവും ശംഖുമുഖവും വിഴിഞ്ഞവും വര്‍ക്കലയും പത്മനാഭസ്വാമി ക്ഷേത്രവും മറ്റും തലസ്ഥാനത്തെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. എന്നാല്‍ മിക്കയിടങ്ങളിലും നമ്മുടെ ആതിഥ്യമര്യാദയ്ക്ക് കോട്ടം തട്ടുന്ന വിധത്തിലാണ് കാര്യങ്ങള്‍. വൃത്തിക്കുറവ് തന്നെ പ്രധാനപ്രശ്‌നം. മാലിന്യകൂമ്പാരത്തിനു മുന്നിലൂടെ മൂക്ക് പൊത്തിവേണം സഞ്ചാരികള്‍ക്ക് ഇവിടങ്ങള്‍ സന്ദര്‍ശിക്കാന്‍. തങ്ങളുടെ ചുറ്റുപാട് മാലിന്യത്തില്‍ മുങ്ങിയതില്‍ അധികൃതര്‍ക്കൊപ്പം നാട്ടുകാര്‍ക്കുമുണ്ട് പങ്ക്.
'മാലിന്യം വലിച്ചെറിയാതിരിക്കണമെങ്കില്‍ അത് സംസ്‌കരിക്കാന്‍ സംവിധാനം വേണം. ഇവിടെ അതില്ല. ഹരിതകര്‍മസേന ഉണ്ടെങ്കിലും 30% വീട്ടുകാര്‍ പോലും സഹകരിക്കാറുമില്ല'- വിഴിഞ്ഞം ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്. നിസാമുദ്ദീന്‍ പറയുന്നു. ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്തുന്ന വിഴിഞ്ഞം ഹാര്‍ബറില്‍ മാത്രമല്ല, നഗരത്തിലെ മിക്ക വിനോദ സഞ്ചാരകേന്ദ്രങ്ങളുടെയും അവസ്ഥ ഇതുതന്നെ. വലിയ ചാക്കുകളിലാക്കി മാലിന്യം വഴികളില്‍ തള്ളിയിരിക്കുന്നു. ശംഖുമുഖത്ത് ആറാട്ട് മണ്ഡപത്തിനു സമീപം കൂടിക്കിടക്കുന്നത് പ്ലാസ്റ്റിക് മാലിന്യം. അതും പണ്ടെപ്പോഴോ തള്ളിയത്. വേളി ടൂറിസ്റ്റ് വില്ലേജിന്റെ കവാടത്തിന് തൊട്ടടുത്ത് തെര്‍മക്കോളും പ്ലാസ്റ്റിക്കും അഴുകുന്ന മാലിന്യവും എല്ലാമുണ്ട്. മൂക്ക് പൊത്തി, ഇതെല്ലാം കണ്ടു വേണം വിനോദ സഞ്ചാരികള്‍ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനു മുന്നോടിയായി പൂജകള്‍ നടത്തുന്ന ശംഖുമുഖം ആറാട്ട് മണ്ഡപത്തിനു സമീപം പ്ലാസ്റ്റിക് മാലിന്യക്കൂനയാണ്. ഐസ്‌ക്രീം പൊതിഞ്ഞു വന്ന ബോക്‌സുകളും ഇവിടെ തള്ളിയിരിക്കുന്നു. കടല്‍ തിരിച്ചുതള്ളിയ പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്യാത്ത നിലയില്‍ തീരത്ത് കാണാം. ഈ വരുന്നഒന്‍പതിന് ആറാട്ട് നടക്കാനിരിക്കെ, ഈ മാലിന്യം ആര് നീക്കം ചെയ്യും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ ശംഖുമുഖം വിനോദ സഞ്ചാരകേന്ദ്രത്തിന്റെ ശുചീകരണം കുടുംബശ്രീയെ ആണ് ഏല്‍പിച്ചിരിക്കുന്നത്. തലേ ദിവസത്തെ മാലിന്യം അടുത്ത ദിവസം രാവിലെ കൃത്യമായി നീക്കം ചെയ്യുന്നുണ്ട്.
വേളി ടൂറിസ്റ്റ് വില്ലേജിനു മുന്നിലെ പ്രധാന കവാടത്തിനു തൊട്ടടുത്താണ് പാര്‍ക്കിങ് ഏരിയ. ഇവിടേക്ക് പോകുന്ന വഴിയുടെ ഒരു വശത്ത് ടണ്‍കണക്കിന് മാലിന്യം തള്ളിയിരിക്കുകയാണ്. തെര്‍മോകോള്‍, പ്ലാസ്റ്റിക് കവറുകള്‍ മുതല്‍ അഴുകുന്ന മാലിന്യം വരെ ഇവിടെയുണ്ട്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ വേളി ടൂറിസ്റ്റ് വില്ലേജ് ശുചീകരണം വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. പുറത്തെ മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം കോര്‍പറേഷനാണ്.
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കടുത്ത വെയില്‍ സഹിച്ച് മാലിന്യം നീക്കുന്ന രണ്ട് വനിതാ കരാര്‍ തൊഴിലാളികളെ കോവളത്തു കണ്ടു. ഹവ്വാ ബീച്ചിലേക്കുള്ള വഴിയിലോ ബീച്ചിലോ ഒരു പ്ലാസ്റ്റിക് തരി പോലും കാണാത്തത് ഈ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമാകണം. എന്നാല്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം യഥാസമയം നീക്കം ചെയ്യാതെ ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഈ മാലിന്യം നീക്കം ചെയ്യേണ്ടത് കോര്‍പറേഷന്റെ ഉത്തരവാദിത്തമാണ്.
വിഴിഞ്ഞത്ത് ഹാര്‍ബര്‍ റോഡും തീരവും തമ്മില്‍ മീറ്ററുകളുടെ വ്യത്യാസം. ഈ സ്ഥലത്ത് ഓരോ ദിവസവും രാവിലെ പുതിയ ചാക്കുകള്‍ പ്രത്യക്ഷപ്പെടും. നിറയെ മാലിന്യമാണ്. ഭക്ഷണബാക്കി മുതല്‍ കോഴി മാലിന്യം വരെ തള്ളാനുള്ള ഇടമായി ഹാര്‍ബര്‍ റോഡ് മാറിയിട്ട് എത്രയോ കാലമായി. തീര ശുചീകരണത്തിന്റെ പേരില്‍ ഏതാനും പ്ലാസ്റ്റിക് കവറുകള്‍ എടുത്തുമാറ്റും എന്നല്ലാതെ കാര്യമായ ശുചീകരണം ഇവിടെ നടത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആളൊഴിഞ്ഞ ഇടമായതിനാല്‍ ഇരുട്ടിന്റെ മറവിലാണ് മാലിന്യം തള്ളുന്നത്. രാവിലെ റോഡില്‍ അങ്ങോളമിങ്ങോളം ചാക്കുകെട്ടുകള്‍ ആയിരിക്കും. മാലിന്യം സംസ്‌കരിക്കുന്നതിനുള്ള എയ്‌റോബിക് ബിന്‍ തൊട്ടടുത്ത് കോര്‍പറേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ശേഖരണ ശേഷി കുറവായതിനാല്‍ ആര്‍ക്കും പ്രയോജനമില്ലാത്ത അവസ്ഥയാണ്. 
ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ തിരുവനന്തപുരത്തെത്തുന്ന സഞ്ചാരികള്‍ ഇനിയും ഇങ്ങോട്ട് എത്തണമെങ്കില്‍ അധകൃതരും ഒപ്പം നാട്ടുകാരും മനസുവയ്ക്കണമെന്നതാണ് അവസ്ഥ. മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ സഞ്ചാരികള്‍ മാത്രമല്ല, മൂക്കുപൊത്തേണ്ടിവരുന്നത് നമ്മളും കൂടിയാണ്.

Thiruvananathapuram tourist Foreign tourist garbage free garbage