തൃക്കാക്കര : അനധികൃത ഓൺലൈൻ ആപ് വഴി സ്വകാര്യ കാറുകൾ കാറുകൾ വാടകക്ക് കൊടുക്കുന്ന സംഘം മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായി.
കൊച്ചിയും നെടുമ്പാശേരി എയർപോർട്ടും കേന്ദ്രീകരിച്ചാണ് ഇവരുടെ അനധികൃത പ്രവർത്തനം കൂടുതൽ നടന്നിരുന്നത്.സംസ്ഥാനത്ത് ഇവർക്ക് സ്ഥിരമായി പ്രവർത്തിക്കുന്ന ഓഫീസില്ല. അഞ്ഞൂറോളം വാഹനങ്ങൾ ഇവർ കൊച്ചിയിൽ വാടകക്ക് നൽകുന്നുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം.ഗുരുവായൂർ സ്വദേശി തന്റെ കാർ സ്വകാര്യ ആപ്പ് വഴി വാടകക്ക് നൽകി പിന്നീട് കേസിൽ പെട്ടതോടെയാണ് ഇവരുടെ തട്ടിപ്പ് പുറത്തായത്.
ഇന്നലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്‌ടർ വി.ഐ. അസിമിന്റെ നേതൃത്വത്തിൽ കാർ വാടകക്ക് എടുക്കാനായി ആപ്പിൽ പണം അടച്ച് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഒരു കാർ പിടികൂടിയത്.നാല് മണിക്കൂർ കാർ ആവശ്യമുണ്ടന്ന് കാണിച്ച് 819 രൂപ എംവിഐ ഓൺലൈൻ വഴി അടച്ചു കാർ ബുക്ക് ചെയ്തു. ആപ്പിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം മാറമ്പിള്ളിയിലെ പാർക്കിങ് കേന്ദ്രത്തിൽ ചെന്നപ്പോൾ ആപ്പിൽ കണ്ട കാറല്ല കിട്ടിയത്.പാർക്കിങ് ഗ്രൗണ്ടിൽ കണ്ടെത്തിയ കാർ കസ്‌റ്റഡിയിലെടുത്തു. 17,000 രൂപ പിഴ ഈടാക്കി . ലഹരി കടത്തിനും ആയുധ കടത്തിനും ഇത്തരം കാറുകൾ ഉപയോഗിക്കുന്നതായാണ് പ്രാഥമിക വിവരം.ആപ്പിനെ കുറിച്ചും ഇതു കേന്ദ്രീകരിച്ച് വാടകക്കു കാറ് നൽകുന്ന സംഘങ്ങളെ കുറിച്ചും സൈബർ പൊലീസ് അന്വേഷണം വേണമെന്നും അന്വേഷണ സംഘം ആർ.ടി.ഒ ടി.എം.ജേഴ്‌സനു റിപ്പോർട്ട് നൽകി. അസിസ്‌റ്റൻ്റ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എസ്.സനീഷ്,എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.