സാധാരണക്കാരന്റെ സങ്കടങ്ങൾ കേൾക്കാൻ ജനപ്രതിനിധികളെ പ്രാപ്തനാക്കിയ ജനകീയൻ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം.ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമെയുള്ളു എന്ന് തെളിയിച്ച ഒരു വർഷമാണ് കടന്നു പോയത്.ഇപ്പോഴും ആർക്കും ഉൾക്കൊള്ളാൻ കഴിയാത്ത യാഥാർത്ഥ്യം.സാധാരണക്കാരെ ചേർത്ത് പിടിക്കണമെന്ന് സഹപ്രവർത്തകരെയും ഓർമ്മപ്പെടുത്താൻ മറക്കാത്ത മനുഷ്യസ്നേഹി.സ്‌നേഹം കൊണ്ട് മനുഷ്യരെ കീഴടക്കിയ ഒരു ഭരണാധികാരി അതാണ് ഉമ്മൻചാണ്ടി.
രാഷ്ട്രീയ ഭേദമന്യേ ആർക്കും ജീവിതത്തിലെ എന്ത് പ്രതിസന്ധിയും പരിഹരിക്കുന്നതിന് സമീപിക്കാവുന്ന ഒരാൾ. ഒരു നിവേദനത്തിനോ കത്തിനോ ഫോൺ വിളികൾക്കോ അപ്പുറം സാധ്യമായ എന്ത് സഹായവും ചെയ്തു തരുന്ന ഉമ്മൻ ചാണ്ടി ഉണ്ടെന്നത് ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മലയാളികൾക്ക് ഒരു ധൈര്യമായിരുന്നു.പരിഹാരവുമായി മാത്രമെ അദ്ദേഹത്തെ തേടിയെത്തിയവർ മടങ്ങിയിട്ടുള്ളൂ. ഉമ്മൻ ചാണ്ടിയെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത ജനങ്ങളോ ഉമ്മൻ ചാണ്ടി എത്തിച്ചേർന്നിട്ടില്ലാത്ത സ്ഥലങ്ങളോ കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. ജനക്കൂട്ടത്തിന് നടുവിൽ നിൽക്കുന്നതു തന്നെയാണ് ഉമ്മൻ ചാണ്ടിയെന്ന നേതാവിനെ വളർത്തിയതും കരുത്തനായ ഭരണാധികാരിയാക്കിയതും.
സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കാരുണ്യ ചികിത്സാ പദ്ധതി, ശ്രുതിതരംഗം, വയോമിത്രം, ആരോഗ്യകിരണം പദ്ധതികൾ, ഒരു രൂപയ്ക്ക് അരി, ഭൂരഹിതർക്ക് 3 സെന്റ് ഭൂമി, എല്ലാ മണ്ഡലങ്ങളിലും സർക്കാർ കേളജുകൾ, ദിവസം 19 മണിക്കൂർ വരെ നീളുന്ന ജനസമ്പർക്ക പരിപാടി, മികച്ച ഭരണനിർവഹണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം. ശരിക്കും വർത്തമാന കേരളമെന്നത് ഉമ്മൻ ചാണ്ടി സർ തന്നെയാണ്.
ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം. അന്ന് വഴിമുടക്കികളും കാഴ്ച്ചക്കാരുമായി നിന്നവർ ഇന്ന് വിഴിഞ്ഞം, മെട്രോ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നത് കപട രാഷ്ട്രീയമായി മാത്രമെ കാണാനാകൂ. 'കടൽക്കൊള്ള'യാണെന്ന ആക്ഷേപം വന്നപ്പോഴും അദാനി ഗ്രൂപ്പുമായി ചേർന്ന് 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണത്തിന്റെ കുന്തമുന നെഞ്ചിൽ തറച്ചപ്പോഴും പതറാതെ, പിന്തിരിഞ്ഞോടാതെ, തളർന്നു പോകാതെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുമെന്ന ധീരമായ തീരുമാനം എടുത്തയാളാണ് ഉമ്മൻ ചാണ്ടി. എന്തൊക്കെ തിരക്കഥകളുണ്ടാക്കിയാലും സത്യം ജനങ്ങൾക്ക് മുന്നിലുണ്ട്.
ജനങ്ങൾ നൽകിയ ശക്തി തന്നെയാണ് എതിരാളികളുടെ ദുരാരോപണങ്ങളിൽ അടിപതറാതെ അഗ്നിശുദ്ധി വരുത്താൻ ഉമ്മൻ ചാണ്ടിയെ പ്രപ്തനാക്കിയതും. മനസാക്ഷിയുടെ മുന്നിൽ താൻ തെറ്റുകാരനല്ലെന്ന ബോധ്യത്തിൽ ഉമ്മൻ ചാണ്ടി അചഞ്ചലനായി. അതുകൊണ്ടതന്നെയാണ് ഒടുവിൽ മരണശേഷം നിയമവഴിയിൽ ഉമ്മൻ ചാണ്ടി ജയിച്ച് കയറിയപ്പോൾ അത് കേരളം ഒന്നാകെ ഏറ്റെടുത്തതും. ഉമ്മൻ ചാണ്ടിയെന്ന ജനകീയ മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങളുമായി ആരൊക്കെയാണോ രംഗത്തിറങ്ങിയത്, അതേ അളവിൽ അവരോട് കാലം കണക്കു ചോദിച്ചുകൊണ്ടിരിക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിച്ചിരുന്നപ്പോഴുള്ള ഉമ്മൻ ചാണ്ടിയേക്കാൾ ശക്തനാണ് മരണശേഷമുള്ള ഉമ്മൻ ചാണ്ടിയെന്ന് തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര. ഉമ്മൻ ചാണ്ടി എത്രത്തോളം ഹൃദയം തുറന്ന് പുതുപ്പള്ളിയെ സ്നേഹിച്ചിരുന്നുവോ അതിനേക്കാൾ ഇരട്ടിയായാണ് പുതുപ്പള്ളിക്കാർ അവരുടെ കുഞ്ഞൂഞ്ഞിന് ഉപതിരഞ്ഞെടുപ്പിലൂടെയും സ്നേഹം മടക്കി നൽകിയത്.
ഉമ്മൻ ചാണ്ടി ഞങ്ങൾക്ക് കാട്ടിത്തന്ന ചില വഴികളുണ്ട്. അത് ഗാന്ധിയൻ ദർശനത്തിൽ അധിഷ്ഠിതമായ, മറ്റുള്ളവന്റെ സങ്കടങ്ങളെയും പ്രയാസങ്ങളെയും ദുരിതങ്ങളെയും മനസിലാക്കി അത് പരിഹരിക്കുന്നതിന് വേണ്ടി നടത്തുന്ന തീഷ്ണമായ യത്‌നമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന നിർവചനം തന്ന ആളാണ് ഉമ്മൻ ചാണ്ടി. ഭരണാധികാരിയെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും അദ്ദേഹം എപ്പോഴും ജനങ്ങൾക്കൊപ്പമായിരുന്നു. ദൈനംദിന ജീവിതം തന്നെ ജനങ്ങളുടെ സങ്കടങ്ങളും പരാതികളും കേട്ട് അത് പരിഹരിക്കുകയെന്നതായിരുന്നു. ആ വേർപാട് കേരളത്തിനും കോൺഗ്രസിനും താങ്ങാനാകാത്തതാണ്. അദ്ദേഹം കാട്ടിത്തന്ന നന്മയുടെ മാതൃകകൾ വഴികാട്ടിയായി എന്നും മുന്നിലുണ്ടാകും.
നിയമസഭാംഗമെന്ന നിലയിൽ ഞാൻ എന്തെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ നേരവകാശി ഉമ്മൻ ചാണ്ടിയാണ്. 2006- 11 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവായിരിക്കെ കൈനിറയെ അവസരങ്ങൾ തന്നു, എന്നിൽ വിശ്വാസമർപ്പിച്ചു. ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരാളില്ല. ആ ശൈലി ആർക്കും അനുകരിക്കാനുമാകില്ല.തെളിഞ്ഞ പ്രായോഗികതയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം. അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. കേരളത്തിൻറെ സ്വന്തം കുഞ്ഞുകുഞ്ഞിൻറെ ഓർമ്മകൾക്ക് മുന്നിൽ ആദരവ്.