തൃശൂർ പൂരം: ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ പാടില്ലെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് വനംവകുപ്പ്

ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയാല്‍ മതിയെന്നു നിര്‍ദേശിച്ചിട്ടുണ്ട് . മാറ്റങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും.

author-image
Rajesh T L
New Update
thrissurpooram

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിനു നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിൻവലിച്ച് വനം വകുപ്പ് . പൂരത്തിന് എഴുന്നള്ളിക്കുമ്പോള്‍ ആനയുടെ 50 മീറ്റര്‍ പരിധിയില്‍ ആളുകള്‍ നില്‍ക്കരുത്, 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കം പൊട്ടിക്കല്‍, താളമേളം എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവിലാണ് ഭേദഗതി വരുത്തിയത്. 

ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയാല്‍ മതിയെന്നു നിര്‍ദേശിച്ചിട്ടുണ്ട് . മാറ്റങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും. വിവിധ ദേവസ്വം  ബോര്‍ഡുകള്‍ പുതിയ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉത്തരവ് തിരുത്താന്‍ നിര്‍ദേശിച്ചത്.

പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ആനയെ എഴുന്നള്ളിക്കുന്ന സ്ഥലത്തു മേളമോ പഞ്ചവാദ്യമോ നടത്താനാവില്ലെന്ന് ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. പൂരത്തിൻറെ മഠത്തില്‍വരവ്, ഇലിഞ്ഞിത്തറ മേളം എന്നിവയെല്ലാം ഇതുകാരണം മുടങ്ങിയേക്കാം എന്നും ഇവർ ആശങ്ക അറിയിച്ചു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ആനകളെ വിട്ടുനല്‍കില്ലെന്ന് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ആനത്തൊഴിലാളി യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ ആന ഉടമകളെ പിന്തുണച്ചിരുന്നു.

ഇതോടെ ഉത്തരവിലെ പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങള്‍ മാറ്റി പൂരത്തിന് ആനയെ സുരക്ഷിതമായി എഴുന്നള്ളിക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണു വനം വകുപ്പിൻറെ തീരുമാനം.

forest department Thrissur Pooram elephant pareding