വിദേശയാത്രകള്‍ കൂടി; പാസ്‌പോര്‍ട്ടിന് വന്‍ തിരക്ക്

പഠനത്തിനായി വിദ്യാര്‍ഥികള്‍ വിദേശത്തേക്കുപോകുന്നതും കുടുംബസമേതമുള്ള വിനോദയാത്രകളും വര്‍ധിച്ചതോടെ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

author-image
Prana
New Update
passport office

പഠനത്തിനായി വിദ്യാര്‍ഥികള്‍ വിദേശത്തേക്കുപോകുന്നതും കുടുംബസമേതമുള്ള വിനോദയാത്രകളും വര്‍ധിച്ചതോടെ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മുന്‍പ് തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ രേഖകളുടെ പരിശോധനയ്ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവസരം ലഭിക്കുമായിരുന്നു. എന്നാലിപ്പോള്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി തല്‍ക്കാല്‍ മാര്‍ഗത്തിലൂടെ അപേക്ഷിച്ചാലും നാലുദിവസം മുതല്‍ ഒരാഴ്ച വരെ നീളും. ഇതുകാരണം പെട്ടെന്നു വിദേശയാത്രയ്ക്കു പോകേണ്ടവര്‍ ബുദ്ധിമുട്ടിലായി. എന്നാല്‍, അടിയന്തരമായി പാസ്‌പോര്‍ട്ട് വേണ്ടവര്‍ പാസ്‌പോര്‍ട്ട് ഓഫിസിലെത്തി കാരണം ബോധിപ്പിച്ചാല്‍ പരിഹാരം കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നു പാസ്‌പോര്‍ട്ട് ഓഫിസ് അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കൊല്ലം പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളാണു തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം 900 പാസ്‌പോര്‍ട്ടുകളാണ് തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസില്‍ അച്ചടിച്ചു തപാലില്‍ അയയ്ക്കുന്നത്. തല്‍ക്കാല്‍ അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെത്തിലെ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ പാസ്‌പോര്‍ട്ട് അച്ചടിച്ചു തപാലില്‍ അയയ്ക്കും. പിറ്റേന്നോ മൂന്നാം ദിവസമോ പാസ്‌പോര്‍ട്ട് ലഭിക്കുന്ന വിധത്തിലാണു ക്രമീകരണം.
തല്‍ക്കാലിലല്ലാതെ അപേക്ഷിച്ചാല്‍ ഒരു മാസം കഴിഞ്ഞുള്ള തീയതിയാണ് അപേക്ഷകളുടെ പരിശോധയ്ക്കായി അനുവദിക്കുന്നത്. അതു കഴിഞ്ഞു പോലീസ് പരിശോധന കൂടി പൂര്‍ത്തിയാക്കിയാലേ പാസ്‌പോര്‍ട്ട് അച്ചടിച്ച് അയയ്ക്കൂ. മുന്‍പ് സംസ്ഥാനത്തിനകത്തും പുറത്തുമായായിരുന്നു പലരും വിനോദയാത്ര പോയിരുന്നതെങ്കില്‍ ഇപ്പോള്‍ പലരും യാത്ര വിദേശത്തേക്കാക്കി. ഇതാണ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ തിരക്കു കൂടാന്‍ മുഖ്യ കാരണം. ഓണാവധിക്കായിരുന്നു വന്‍ തിരക്ക്. അന്നത്തെ തിരക്കു കാരണമുണ്ടായ അപേക്ഷകരുടെ ആധിക്യമാണ് ഇപ്പോഴും ടോക്കണ്‍ ലഭിക്കുന്നതിനു കാലതാമസമുണ്ടാക്കുന്നത്. മുന്‍കൂട്ടി പാസ്‌പോര്‍ട്ട് എടുക്കുകയാണ് ഓട്ടപ്പാച്ചില്‍ ഒഴിവാക്കാനുള്ള പ്രധാന പരിഹാരം.

Thiruvananthapuram increase passport