ബാലചന്ദ്ര മേനോൻ ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചതായി ലൈഗികാതിക്രമ പരാതി നൽകിയ നടി. പ്രത്യേക അന്വേഷണസംഘത്തിനാണ് ആലുവ സ്വദേശിനിയായ നടി പരാതി നൽകിയത്. ദുബായിൽ ജോലി ചെയ്തിരുന്ന തന്നെ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് നടി പരാതിയിൽ പറയുന്നത്.
‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനിൽ എത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലിൽ തങ്ങി. അന്ന് ബാലചന്ദ്ര മേനോന്റെ ജന്മദിന പാർട്ടിയായിരുന്നു. ഇതിന് ശേഷം കഥ പറയാൻ മുറിയിലേക്ക് വിളിച്ചു.
പിറ്റേന്ന് മുറിയിലെത്തിയ ബാലചന്ദ്ര മേനോൻ കടന്നു പിടിക്കാൻ ശ്രമിച്ചു. ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചു. ഒരു വിധത്തിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് എന്നാണ് പരാതിയിൽ പറയുന്നു. ഇതേ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജയസൂര്യക്കെതിരെയും ഇവർ പരാതി നൽകിയിരുന്നു.
പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നൽകാൻ ഇതുവരെ തയ്യാറാകാതിരുന്നത് എന്നാണ് നടി പരാതിയിൽ പറയുന്നത്. അതേസമയം, മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെയും പരാതി നൽകിയ നടിയാണ് ഇപ്പോൾ ബാലചന്ദ്ര മേനോനെതിരെയും പരാതി നൽകിയിരിക്കുന്നത്.