ചരിത്രത്തിൽ ആദ്യമായി  ഐ.എഫ്.എഫ്.കെ.യിൽ നാലു വനിതാ സംവിധായകരുടെ ചിത്രം

ജെ.ശിവരഞ്ജിനിയുടെ വിക്ടോറിയ, ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു, ശോഭന പടിഞ്ഞാറ്റിലയുടെ ഗേൾ ഫ്രണ്ട്സ് എന്നിവ മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

author-image
Anagha Rajeev
New Update
iffk2024

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചരിത്രത്തിൽ ആദ്യമായി നാല് മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങൾ തിരഞ്ഞെടുത്തു. നാല് വനിതകളുടെയും ആദ്യ ചിത്രമാണ് മേളയ്‌ക്കെത്തുന്നത്. മത്സരവിഭാഗത്തിൽ ഇന്ദുലക്ഷ്മിയുടെ 'അപ്പുറം' ഉൾപ്പെടെയാണ് വനിതാസാന്നിധ്യം.

ജെ.ശിവരഞ്ജിനിയുടെ വിക്ടോറിയ, ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു, ശോഭന പടിഞ്ഞാറ്റിലയുടെ ഗേൾ ഫ്രണ്ട്സ് എന്നിവ മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കും. കൂടാതെ ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രവും അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കും. ഇതും സംവിധായകന്റെ ആദ്യചിത്രമാണ്. സംവിധായകൻ ജിയോ ബേബി ചെയർമാനും തിരക്കഥാകൃത്ത് പി.എസ്.റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാൽ, ഫാസിൽ റസാഖ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഐ.എഫ്.എഫ്.കെ.യിലേക്കുള്ള മലയാളം സിനിമകൾ തിരഞ്ഞെടുത്തത്.

വി.സി.അഭിലാഷ് സംവിധാനം ചെയ്ത എ പാൻ ഇന്ത്യൻ സ്റ്റോറി, അഭിലാഷ് ബാബുവിന്റെ മായുന്നു മാറിവരുന്നു നിശ്വാസങ്ങളിൽ, കെ.റിനോഷന്റെ വെളിച്ചം തേടി, ദിൻജിത് അയ്യത്താന്റെ കിഷ്‌കിന്ധാ കാണ്ഡം, മിഥുൻ മുരളിയുടെ കിസ് വാഗൺ, ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത പാത്ത്, കൃഷാന്ദ് ആർ.കെ.യുടെ സംഘർഷ ഘടന, സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത മുഖക്കണ്ണാടി, സിറിൽ എബ്രഹാം ഡെന്നിസിന്റെ വാഴ്സി സോംബി തുടങ്ങിയവയാണ് മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള സിനിമകൾ. 

 

IFFK 2024