മേപ്പാടിയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. മേപ്പാടി കുന്നമ്പറ്റയിലെ ഫ്‌ലാറ്റിലുള്ളവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. വയറുവേദനയും ഛര്‍ദ്ദിയുമാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഭക്ഷവിഷബാധയാണെന്ന് പറഞ്ഞതെന്ന് രോഗബാധിതരില്‍ ഒരാളുടെ മാതാവ് പറഞ്ഞു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കിറ്റില്‍ നിന്നും കിട്ടിയ സോയാബീന്‍ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടിക്ക് കഴിക്കാന്‍ നല്‍കിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് കുട്ടിക്ക് ഛര്‍ദ്ദി അധികമായത്. ഇതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് മാതാവ് കൂട്ടിച്ചേര്‍ത്തു.
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി നല്‍കിയ സംഭവം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം.
സംഭവത്തില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പഞ്ചായത്തിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. അവിടെയുള്ള ഇരിപ്പിടങ്ങള്‍ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി ഓഫീസിലെ നിലത്തിട്ട് പ്രതിഷേധിച്ചു. ഇതോടെ പോലീസുമായി സംഘര്‍ഷവുമുണ്ടായി.