തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി അഞ്ച് ഗോത്ര നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. മംഗലംകളി, പണിയ നൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ കലാരൂപങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. ഈ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂൾതലം മുതലുള്ള കലോത്സവം നടത്തണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. 2024–25 അധ്യായന വർഷത്തെ സ്‌കൂൾ കലോത്സവത്തിന് അടുത്തവർഷം ജനുവരിയിൽ തിരുവനന്തപുരം വേദിയാവും.
ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നാഷണൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിൽ തീയതി മാറ്റുകയായിരുന്നു. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15-നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10-നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3-നകവും പൂർത്തിയാക്കും.