വിഴിഞ്ഞം: വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന വള്ളത്തെ കരയിലടുപ്പിക്കുന്നതിനായി നീന്തിപോയ തൊഴിലാളി കടലിൽ മുങ്ങിമരിച്ചു. പുല്ലുവിള പണിക്കത്തി വിളാകം പുരയിടത്തിൽ ശബരിയപ്പന്റെയും ഫോർജിയ ലില്ലിക്കുട്ടിയുടെയും മകനായ എസ്. ഷാജു (39) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ വിഴിഞ്ഞം ഹാർബറിലാണ് അപകടമുണ്ടായത്.
സുഹൃത്തുക്കളായ ലോറൻസ്, ജോസ്, ഷിബു എന്നിവർക്കൊപ്പം ബുധനാഴ്ച വൈകീട്ടോടെ സുഹൃത്ത് പത്രോസിന്റെ വള്ളത്തിൽ ഷാജു മീൻപിടിത്തത്തിന് പോയിരുന്നു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 4.30- ഓടെ വിഴിഞ്ഞത്ത് തിരികെ എത്തി. വളളം നങ്കുരമിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ ഷാജു മൊബൈൽ ഫോൺ വള്ളത്തിൽ മറന്നുവെച്ചിരുന്നു.
ഇത് തിരികെ എടുക്കുന്നതിനും വലയുടെ അറ്റകുറ്റപ്പണി തീർക്കുന്നതിനുമായി നങ്കൂരമിട്ട വള്ളത്തെ കരയിൽ അടുപ്പിക്കുന്നതിനാണ് ഷാജു രാവിലെ 9.30-ഓടെ ഹാർബറിൽ വീണ്ടുമെത്തിയത്. വള്ളമുടമയും സുഹൃത്തുമായ പത്രോസുമായാണ് എത്തിയത്. പത്രോസിനെ കരയിൽ നിർത്തിയശേഷം ഷാജു വള്ളത്തിനടുത്തേക്ക് നീന്തി പോകുന്നതിനിടയിൽ അവശനായി മുങ്ങിത്താഴുകയായിരുന്നു. കരയിൽ നിന്ന് സംഭവം കണ്ട പത്രോസ് പെട്ടെന്ന് തന്നെ കട്ടമരമെടുത്തെത്തി അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.
ചിപ്പിത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരുമായ തൊഴിലാളികളെത്തി 15 മീറ്ററോളം താഴ്ചയിൽ മുങ്ങി നടത്തിയ തിരച്ചിലിൽ ചെളിയ പുതഞ്ഞ നിലയിൽ ഷാജുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി.