കുണ്ടറ: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പൊള്ളലേറ്റ അക്രമിയും ഗുരുതരാവസ്ഥയിൽ. നല്ലിലയിലെ ക്ലിനിക്കിൽ ശനിയാഴ്ച വൈകീട്ട് 3.30-ഓടെ ആയിരുന്നു സംഭവം. ക്ലിനിക്കിലെ ശുചീകരണത്തൊഴിലാളിയായ രാജിക്കുനേരേ പുലിയില സ്വദേശി സന്തോഷാണ് ക്ലിനിക്കിനുള്ളിൽവെച്ച് ആക്രമണം നടത്തിയത്.
ക്ലിനിക്കിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ സന്തോഷ് രാജിയുടെ തലയിലേക്ക് ഒഴിച്ചശേഷം ലൈറ്റർ കത്തിച്ച് തീകൊളുത്തുകയായിരുന്നു.
സന്തോഷിന്റെ ദേഹത്തും പെട്രോൾ വീണ് തീപിടിച്ചിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജിക്ക് മുഖത്തും കഴുത്തിനും കൈക്കും പൊള്ളലുണ്ട്. ദേഹം മുഴുവൻ പൊള്ളലേറ്റ സന്തോഷ് അതീവ ഗുരുതരാവസ്ഥയിലാണ്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യ ഭർത്താവ് ഉപേക്ഷിച്ചുപോയശേഷം രാജി സന്തോഷിനൊപ്പമായിരുന്നു താമസമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.