തൊടുപുഴ: ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാടിൽ മാത്യു കുഴൽനാടൻ എം.എൽ.എ.യ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇടുക്കി വിജിലൻസ്. ഭൂമി ഇടപാടിൽ ക്രമക്കേടുണ്ടെന്ന് മനസ്സിലാക്കിയിട്ടും മാത്യു ഭൂമി വാങ്ങുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച എഫ്.ഐ.ആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
മിച്ചഭൂമി കേസിലുൾപ്പെട്ട ഭൂമിയിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. കേസിലുൾപ്പെട്ടതിനാൽ വസ്‌തുവിന്റെ രജിസ്‌ട്രേഷനോ, പോക്കുവരവോ സാധ്യമല്ല. ഈ വ്യവസ്ഥ നിലനിൽക്കെയാണ് മാത്യു സ്ഥലം വാങ്ങിയതെന്ന് വിജിലൻസ് പറയുന്നു. സർക്കാർ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ, ഇടനിലക്കാർ ഉൾപ്പെടെ 21 പ്രതികളെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 16-ാം പ്രതിയാണ് മാത്യു കുഴൽനാടൻ.
2012 മുതലുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.കെ. ഷാജിയാണ് കേസിലെ ഒന്നാം പ്രതി. ക്രമവിരുദ്ധമായി ഭൂമി കൈമാറ്റം ചെയ്യുന്നതിനായി ഇദ്ദേഹം ഇടപെട്ടുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിമാരും കേസിൽ പ്രതികളാണ്.
അതേഅസമയം, ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് നേരത്തെ വിജിലൻസ് വ്യക്തമാക്കിയിരുന്നു. നികുതി തട്ടിപ്പ് , 50 സെൻറ് ഭൂമി അധികമായി കൈവശംവെച്ചു, മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലം രജിസ്ട്രേഷൻ നടത്തി എന്നിവ ഉൾപ്പെടെയുള്ള ക്രമക്കേടുകളാണ് അന്ന് കണ്ടെത്തിയിരിക്കുന്നത്.