തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാർക്കെതിരേയുള്ള പരാതികളിൽ ശിക്ഷ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകിക്കൊണ്ടുള്ള കെ.എസ്.ആർ.ടി.സി. ഉത്തരവിറങ്ങി. ഇനിമുതൽ
സ്റ്റോപ്പിൽ നിർത്തി ആളെക്കയറ്റിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തും.യാത്രക്കാർ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിൽ 500 രൂപയും പിഴ നൽകണം.അതെസമയം കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും.പിന്നീടും പരാതിലഭിച്ചാൽ സ്ഥലമാറ്റവും സസ്പെൻഷനും ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ജില്ലതല ഓഫീസുകൾ നിർത്തലാക്കിയതിനെത്തുടർന്നാണ് പുതിയ ക്രമീകരണം.
മാത്രമല്ല യാത്രക്കാരോട് മോശമായി പെരുമാറിയാൽ 500 രൂപയാണ് ശിക്ഷ. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഡ്യൂട്ടിക്കിടയിൽ കണ്ടക്ടർ ഉറങ്ങിയാൽ 1000 രൂപയാണ് പിഴ. അംഗീകൃത സ്റ്റോപ്പുകൾ ഒഴിവാക്കി മറ്റു റോഡുകളിലൂടെ യാത്ര തുടരുക, സർവീസ് റോഡുകൾ ഒഴിവാക്കി യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും 1000 രൂപയും പിഴ ചുമത്തും.ഭയപ്പെടുത്തുന്ന വിധത്തിൽ അലക്ഷ്യമായി ബസ് ഓടിക്കുക, റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് കൃത്യമായ വിവരം നൽകാതിരിക്കുക, തുടങ്ങിയ ക്രമക്കേടുകർക്ക് 500 രൂപ പിഴ ഈടാക്കും.
അതെസമയം ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര ഒഴിവാക്കാൻ പരിശോധന ശക്തമാക്കും. ടിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ ബസിലെ യാത്രക്കാരുടെ എണ്ണത്തിന് അനുപാതികമായി കണ്ടക്ടർക്കുള്ള ശിക്ഷ ഉയരും. 30 യാത്രക്കാർ ബസിലുള്ളപ്പോഴാണ് ഒരാൾക്ക് ടിക്കറ്റ് നൽകാൻ വിട്ടുപോയതെങ്കിൽ 5000 രൂപയാണ് പിഴ. 47 യാത്രക്കാരുള്ളപ്പോഴാണെങ്കിൽ 3000 രൂപയും 65 യാത്രക്കാർവരെ ബസിലുണ്ടെങ്കിൽ 2000 രൂപയും കണ്ടക്ടറിൽനിന്നും ഈടാക്കും. 65-ൽ കൂടുതൽ യാത്രക്കാരുള്ള ബസിലാണ് വീഴ്ച സംഭവിച്ചതെങ്കതിൽ 1000 രൂപയാണ് പിഴ.
അരടിക്കറ്റ് നൽകാൻ വിട്ടുപോയാലും 1000 രൂപ പിഴ ചുമത്തും.ഇനിയിപ്പോൾ 20-ൽ താഴെ യാത്രക്കാരുള്ളപ്പോഴാണ് ടിക്കറ്റ് നൽകുന്നതിൽ പിഴവ് സംഭവിച്ചിട്ടുള്ളതെങ്കിൽ വകുപ്പുതല ശിക്ഷാ നടപടിയുണ്ടാകും. ശമ്പളം കൃത്യമായി നൽകാത്ത കോർപ്പറേഷൻ ശിക്ഷാനടപടികൾ കടുപ്പിക്കുന്നതിൽ ജീവനക്കാർക്കിടയിൽ അമർഷമുണ്ട്. നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപ്പിക്കാം. ഇതിൽ കർശന നടപടിയുണ്ടാകും. നേരിട്ടും, ഇ-മെയിലിലും വാട്‌സാപ്പിലും കൺട്രോൾ റൂമിലെ ഫോൺ നമ്പറുകളിലും പരാതിപ്പെടാം.