ഒടുവിൽ അന്വേഷണ സംഘത്തിന് മുന്നിലേക്ക് സിദ്ദിഖ്; ഹാജരാകുന്നത് തിരുവനന്തപുരത്ത്

രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞത്. വിചാരണക്കോടതി വെക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

author-image
Anagha Rajeev
New Update
sexual assault case high court reject siddique anticipatory bail

കൊച്ചി: ബലാത്സം​ഗക്കേസിൽ സുപ്രീംകോടതി മുൻകൂർ ജാമ്യം നൽകിയതോടെ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് റിപ്പോർട്ട്. സിദ്ദിഖ് ഉടൻ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് അഭിഭാഷകൻ അറിയിച്ചു. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ‌തിരുവനന്തപുരം എസ്ഐടിക്ക് മുൻപാകെയാകും ഹാജരാവുക.

അതേസമയം, രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞത്. വിചാരണക്കോടതി വെക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വർഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. 

കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. സിദ്ദിഖിന് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശം നൽകി. സിനിമയിൽ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 

siddique