ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലും ആഭ്യന്തര കലാപം. സംവിധായകൻ ആഷിക് അബു ആണ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെയാണ് ആഷിക് അബു വിമർശനങ്ങളുന്നയിച്ചത്.
ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല, ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു പറഞ്ഞു. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മാറ്റണമെന്നും ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു. പുറത്തിറക്കിയ വാർത്ത കുറിപ്പ് യൂണിയൻ നിലപാടല്ലെന്നും ആഷിക് പറഞ്ഞു.
ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ് പുറത്തുവന്നത്. നിലവിലെ രീതി അനുസരിച്ച് ഫെഫ്ക എന്നാൽ ബി ഉണ്ണികൃഷ്ണനെന്നാണ്. തൊഴിലാളി സംഘടനയെ ഫ്യൂഡൽ തൊഴുത്തിൽ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സമൂഹത്തെ അഭിമുഖീകരിക്കാൻ നട്ടെല്ലുണ്ടെങ്കിൽ പൊതുമധ്യത്തിൽ പ്രതികരിക്കട്ടെയെന്നും തൊഴിൽ നിഷേധിക്കുന്നയാളാണ് ഉണ്ണി കൃഷ്ണനെന്നും ആഷിഖ് അബു പറഞ്ഞു.
നയരൂപീകരണ സമിതിയിൽ നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണം. ഉണ്ണിക്കൃഷ്ണൻ ഇടതുപക്ഷക്കാരനെന്ന വ്യാജ പരിവേഷം അണിയുകയാണ്. സർക്കാരിനെ ലൈംഗികാതിക്രമം നടത്തിയതായി ആരോപണമുള്ള എല്ലാവരുടെയും പേരുകൾ പുറത്തുവരണമെന്ന് ഫെഫ്ക പറഞ്ഞിരുന്നു.