സ്കൂൾ വിദ്യാർത്ഥിനിയുടെ വ്യാജ പീഡന പരാതി; യുവാക്കൾ ജയിലിൽ കിടന്നത് 68 ദിവസം

സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസം നിന്നതിന്റെ പേരിലായിരുന്നു വിദ്യാർത്ഥിനി വ്യാജ പരാതി നൽകിയത്.

author-image
Shyam Kopparambil
New Update
sdsd
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനി നൽകിയ വ്യാജപീഡന പരാതിയിൽ പെൺകുട്ടിയുടെ ബന്ധുക്കളായ യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം. യുവാക്കൾ ജയിലിലായതോടെ പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെൺകുട്ടി നേരിട്ടെത്തുകയായിരുന്നു. ഇതോടെ രണ്ട് യുവാക്കൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസം നിന്നതിന്റെ പേരിലായിരുന്നു വിദ്യാർത്ഥിനി വ്യാജ പരാതി നൽകിയത്. സഹോദരിയുടെ നന്മയ്ക്കായി ഇടപെട്ടതിന്റെ പേരിൽ ചെറുപ്രായത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന 19 ഉം 20 ഉം വയസുള്ള യുവാക്കൾക്ക് കൗൺസലിംഗ് നല്കാനും ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവിട്ടു.

ബന്ധുക്കൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡന പരാതിയിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ് ഏറെ ജാഗ്രത വേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ മാർഗ നിർദ്ദേശങ്ങൾക്ക് രൂപം നൽകണമെന്നും കോടതി പറഞ്ഞു. തടിയിട്ടപ്പറമ്പ് പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും ജാമ്യ ഹർജിയോടൊപ്പം പരാതി വ്യാജമാണെന്ന പെൺകുട്ടിയുടെയും പെൺകുട്ടിയുടെ പിതാവിന്റെയും സത്യവാങ്മൂലങ്ങൾ ഫയൽ ചെയ്തിരുന്നു. തുടർന്ന് കോടതി പെൺകുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു.

സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. മകൾ പരാതി നൽകിയത് പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് അറിഞ്ഞതെന്ന് പിതാവും പറഞ്ഞു. പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന് ഉത്തമ ഉദാഹരണമാണിതെന്നും നിയമം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ഭീഷണിയാണെന്നും കോടതി പറഞ്ഞു.

kochi ernakulam Crime news update