മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയ കേസില്‍ യുവതി തിരുവല്ല പോലീസിന്റെ പിടിയിലായി. ആലപ്പുഴ വെളിയനാട് കുന്നങ്കരി വാഴയില്‍ ചിറയില്‍ വീട്ടില്‍ ജയലക്ഷ്മി (23) ആണ് അറസ്റ്റിലായത്. തിരുവല്ലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇവര്‍ കാവുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന എസ് എം എല്‍ ഫൈനാന്‍സില്‍ കഴിഞ്ഞ ഏപ്രില്‍ 19നാണ് തട്ടിപ്പ് നടത്തിയത്.
23 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം സ്വര്‍ണ്ണമാല എന്ന വ്യാജേന പണയംവെച്ച് 1,07,000 രൂപ വാങ്ങിയശേഷം മുങ്ങുകയായിരുന്നു. കടയുടമ നടത്തിയ പരിശോധനയില്‍ മാല സ്വര്‍ണ്ണമല്ലെന്ന് ബോധ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സി ഐ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.