കൊച്ചി: കസ്റ്റംസിന്റെയടക്കം കേന്ദ്ര അന്വേഷണ ഏജൻസികളുടെ മൂന്ന് ജോഡി യൂണിഫോം, വിവിധ സർക്കാർ ഓഫീസുകളുടെ 43 വ്യാജ സീലുകൾ... വ്യാജ 'കസ്റ്റംസ് സൂപ്രണ്ടിന്റെ' മുറി പരിശോധിച്ച മട്ടാഞ്ചേരി പൊലീസ് ഞെട്ടി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
മട്ടാഞ്ചേരി മരക്കകടവ് കപ്പലണ്ടിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കൃപേഷ് മല്യയാണ് (41) അറസ്റ്റിലായത്. കസ്റ്റംസ് സൂപ്രണ്ടിന്റെ വ്യാജ തിരിച്ചറിയൽ രേഖയാണ് യുവാവ് നൽകിയത്.
വയർലെസ് സെറ്റും നോട്ടെണ്ണൽ മെഷീനും പിടിച്ചെടുത്തവയിലുള്ളതിനാൽ കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് കൃപേഷ് മല്യ വ്യാജ രേഖകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് മട്ടാഞ്ചേരി എസ്.ഐ കെ.എ ഷിബിനും സംഘവും ഇയാളുടെ വീട്ടിലെത്തി. വാതിൽ തുറന്ന് പുറത്തിറങ്ങിയ കൃപേഷിനോട് തങ്ങൾ പൊലീസാണെന്ന് എസ്.ഐ അറിയിച്ചെങ്കിലും താൻ
കസ്റ്റംസ് സൂപ്രണ്ടാണെന്നായിരുന്നു മറുപടി നൽകി. ഒപ്പം തിരിച്ചറിയൽ രേഖയും നൽകി. ഇത് വ്യാജമാണെന്ന് വ്യക്തമായതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു.
വ്യാജരേഖകൾ ഉപയോഗിച്ച് ഇയാൾ തട്ടിപ്പ് നടത്തിയതായി കണ്ടെത്താനായിട്ടില്ല. നിലവിൽ ഔദ്യോഗിക രഹസ്യ നിയമം, എൻ.ഡി.പി.എസ് വകുപ്പ്, ഇന്ത്യൻ വയർലെസ് നിയമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മുൻ വിമാനത്താവളം ഗ്രൗണ്ട് സ്റ്റാഫായ 41കാരനെതിരെ കേസ് എടുത്തിട്ടുള്ളത്.
പിടിച്ചെടുത്തത്
രണ്ട് ഐ.ഡി കാർഡ്, 53 ടാഗുകൾ, നാല് പാസ് ബുക്ക്, ചെക്ക് ബുക്ക്, പാസ്‌പോർട്ട്, മൊബൈൽ ഫോണുകൾ, 90 എൻവലപ്‌മെന്റ്, ഫോട്ടോ, എ.ടി.എം കാർഡുകൾ, മൂന്ന് ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡുകൾ, കേന്ദ്രസർക്കാർ മുദ്രയുള്ള ബാഗുകൾ, ട്രാൻസിസ്റ്ററും മൈക്കും, ബീക്കൺ ലൈറ്റ്, മൂന്ന് ഗ്രാം കഞ്ചാവ്, നൈട്രോസെപാം ഗുളിക
വിവരം ചോർത്തിയോ ?
വയർലെസും ട്രാൻസിസ്റ്ററുമെല്ലാം ഉപയോഗിച്ച് കൃപേഷ് മല്യ പൊലീസിന്റെയും നാവിക സേനയുടെയും രഹസ്യ വയർലെസ് സന്ദേശം ചോർത്തിയിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കണ്ടെടുത്ത വയർലെസും മറ്റും കോടതി മുഖേനെ തിരുവനന്തപുരത്തേയ്ക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് നിഗമനം.
സൈബർ തട്ടിപ്പും അന്വേഷിക്കും
വിവിധ കേന്ദ്ര ഏജൻസികളുടെ യൂണിഫോം. പിന്നെ നിരവധി വ്യാജ സീലുകൾ. ഇവയെല്ലാം ഉപയോഗിച്ച് കൃപേഷ് സൈബർ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. താൻ തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നാണ് മൊഴി. മാനസികാസ്വാസ്ഥ്യമുള്ള ആളാണോയെന്ന സംശയവും പൊലീസിനുണ്ട്.