കൊച്ചി: എറണാകുളം ലുലുമാളിൽ വ്യാജ ബോംബ് ഭീഷണി. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ലുലുമാളിലെ ഹെല്പ് ഡെസ്കിലാണ് ഭീഷണി ഇമെയിൽ സന്ദേശം എത്തിയത്.50,000 ഡോളർ തന്നില്ലെങ്കിൽ ലുലുമാൾ ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഭീഷണി.മാളിനുള്ളിൽ കറുത്ത ബാഗിൽ ബോംബുണ്ടെന്നും,പണം നൽകിയില്ലെങ്കിൽ നാലുമണിക്ക് മാൾ തകർക്കുമെന്നും കത്തിൽ പറയുന്നു.ലുലു അധികൃതർ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.നിമിഷങ്ങൾക്കകടം വൻ പോലീസ് സംഘം മാളിലെത്തി.ഏറെ തിരക്കുള്ള സമയമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാവാതിരിക്കാൻ
പോലീസിന്റെ നിർദേശത്തെ തുടർന്ന് മോക്ക്ഡ്രിൽ ആരംഭിക്കുന്നതായുള്ള സന്ദേശം ലുലു അധികൃതർ ഉച്ചഭാഷിണിയിലൂടെ മാളിലുള്ളവരെ അറിയിച്ചു.
തുടർന്ന് ഡി.സി.പി കെ.എസ് സുദർശനന്റെ നേതൃത്വത്തിൽ പോലീസ് മാളിൽ പരിശോധന നടത്തി.പോലീസും,ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് ഉൾപ്പടെയുള്ള വൻ പോലീസ് സന്നാഹം മാളിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഐഡിയിൽനിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.ഭീഷണിയുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.