തൃശൂർ: കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപം പാടത്തുനിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പ്രദേശത്തെ മാനസികാസ്വാസ്ഥ്യമുള്ള ഒരു യുവാവിനാണ് തെർമോക്കോൾ പെട്ടിയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു ലഭിച്ചതെന്നാണ് നാട്ടകാർ പറയുന്നത്.ഇയാൾ സ്കൂളിന് സമീപത്തേക്ക് സ്ഫോടകവസ്തു കൊണ്ടുവരികയായിരുന്നു. പിന്നാലെ നാട്ടുകാർ കൗൺസിലറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തു ആണെന്നാണ് പ്രാഥമിക വിവരം. കൂടുതൽ പരിശോധനയ്ക്കായി ബോംബ് സ്ക്വാഡ് സംഘം സ്ഥലത്ത് എത്തും. ഉത്സവ സീസണായതിനാൽ പലയിടത്തും ലൈസന്‍സികൾ വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്നുണ്ട്. അവിടെ നിന്ന് ആരെങ്കിലും എടുത്ത് കൊണ്ട് വന്നതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.