മനുഷ്യസാധ്യമായ എല്ലാം ചെയ്തു;  ജോയിയുടെ മരണവാർത്ത ദുഃഖകരമെന്ന് മുഖ്യമന്ത്രി

ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം

author-image
Anagha Rajeev
New Update
pinarayi
Listen to this article
0.75x 1x 1.5x
00:00 / 00:00

തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണവാർത്ത ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ് – വഞ്ചിയൂർ ഭാ​ഗത്തു നിന്ന് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേന, അവരുടെ സ്കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവർ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചുവെന്നും അവർക്കെല്ലാം നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinaray vijayan