സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിൽ ഒന്നാമതായി എറണാകുളം

. ജില്ലയിലെ 8,36,648 കുടുംബങ്ങളിൽ സർവ്വേ നടത്തിയതിൽ 1,92,883 പേരെ ഡിജിറ്റൽ നിരക്ഷരരായി കണ്ടെത്തുകയും അവരെ വിവിധ സന്നദ്ധ സംഘടനകൾ, കോളേജുകൾ, കുടുംബശ്രീ, സാക്ഷരതാമിഷൻ തുടങ്ങിയ എല്ലാ മേഖലകളിലേയും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കുവാൻ സാധിച്ചു.

author-image
Shyam Kopparambil
New Update
sdsd

കൊച്ചി: സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഫ്ലാഗ്ഷിപ്പ് പദ്ധതിയായ 'ഡിജി കേരളം - സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത' പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ ഡിജി കേരളം പദ്ധതി പൂർത്തിയാക്കി. ജില്ലാ കളക്ടറും പദ്ധതിയുടെ കോ-ചെയർമാനുമായ എൻ.എസ്.കെ ഉമേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പദ്ധതിയുടെ ചെയർമാനുമായ മനോജ് മൂത്തേടൻ എറണാകുളം ജില്ലയെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ആദ്യമായി കൈവരിക്കുന്ന ജില്ലയായി പ്രഖ്യാപിച്ചു.

സർക്കാർ മാർഗരേഖ പ്രകാരമുളള സംഘാടക സമിതി ജില്ലാതലത്തിലും എം.എൽ.എ.മാർ അധ്യക്ഷൻമാരായി നിയോജകമണ്ഡല തലത്തിലും, തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും വാർഡ് തലത്തിലും പ്രവർത്തനങ്ങൾ കൃത്യമായി മോണിട്ടറിംഗ് നടത്തിയതിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. ജില്ലയിലെ 8,36,648 കുടുംബങ്ങളിൽ സർവ്വേ നടത്തിയതിൽ 1,92,883 പേരെ ഡിജിറ്റൽ നിരക്ഷരരായി കണ്ടെത്തുകയും അവരെ വിവിധ സന്നദ്ധ സംഘടനകൾ, കോളേജുകൾ, കുടുംബശ്രീ, സാക്ഷരതാമിഷൻ തുടങ്ങിയ എല്ലാ മേഖലകളിലേയും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കുവാൻ സാധിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ സർവ്വേ നടത്തിയത് കൊച്ചിൻ കോർപ്പറേഷൻ ആണ്. 1,47,392 പേർ. ഏറ്റവും കൂടുതൽ പഠിതാക്കളും കൊച്ചി കോർപ്പറേഷനിൽ നിന്നു തന്നെ 11958 പേർ. മുനിസിപ്പാലിറ്റി തലത്തിൽ ഏറ്റവും കൂടുതൽ സർവ്വേ നടത്തിയത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ആണ് - 24438 പേർ. മുനിസിപ്പാലിറ്റി തലത്തിൽ ഏറ്റവും കൂടുതൽ പഠിതാക്കൾ കളമശ്ശേരി നഗരസഭയിൽ ആയിരുന്നു, 5938 പേർ. ഗ്രാമപഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സർവ്വേ നടത്തിയത് എടത്തല ഗ്രാമപഞ്ചായത്ത് 15270 ആണ്, കൂടാതെ ഈ പഞ്ചായത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ പഠിതാക്കളും ഉണ്ടായിരുന്നത് 7309 പേർ. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ നഗരസഭയായി മൂവാറ്റുപുഴ നഗരസഭയും, ആദ്യ പഞ്ചായത്തായി ആയവന പഞ്ചായത്തും ഓഗസ്റ്റ് 14 ന് പ്രഖ്യാപനം നടത്തിയിരുന്നു. ഡിജി കേരളം പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യത്തെ നിയോജകമണ്ഡലം  മൂവാറ്റുപുഴയാണ്. സെപ്തംബർ 30 ന് പ്രഖ്യാപനം നടത്തിയിരുന്നു. 

അശമന്നൂർ ഗ്രാമപഞ്ചായത്തിലെ അബ്ദുള്ള മൌലവി (99 വയസ്) ജില്ലയിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഏറ്റവും പ്രായം കൂടിയ പഠിതാവായി. 4591 കുടുംബശ്രീ വോളന്റിയർമാർരും, വിവിധ സ്കൂൾ കോളേജുകളിലെ 3421 എൻഎസ്എസ് വോളന്റിയർമാരും, ജില്ലയിലെ 95 വിദ്യാഭ്യാസ സ്ഥപനങ്ങളും ഈ പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ചു എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. ജില്ലയുടെ ഈ മികച്ച നേട്ടത്തിന് അനുമോദന ചടങ്ങ് വിശിഷ്ട അതിഥികളെ ഉൾപ്പെടുത്തി വിപുലമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഡിജി കേരളം പദ്ധതിയുടെ ജില്ലാ കൺവീനറും, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുമായ കെ.ജെ. ജോയ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിധു എ മേനോൻ, ജില്ലാ സാക്ഷരത മിഷൻ കോ ഓഡിനേറ്റർ വി.വി. ശ്യാംലാൽ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.എം. റെജീന, ടൌൺ പ്ലാനർ മിറ്റ്സി തോമസ്,  ജില്ലയിലെ ഡിജി കേരളം പദ്ധതിയുടെ ചാർജ് ഓഫീസറും തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടറുമായ സുബ്രഹ്മണ്യൻ, കമ്മ്യൂണിറ്റി ഡവലപ്മെന്റ് എക്സ്പർട്ട് അമൃത മുരളി,
പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസർമാർ,  ആർജി എസ് എ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, തീമാറ്റിക് എക്സ്പർട്ട്സ് തുടങ്ങിയവർ പങ്കെടുത്തു.

 

 

 

kochi kakkanad ernakulam district collector kakkanad news district collectors