സരിന്റെ പ്രചാരണത്തിനായി ഇപി ജയരാജന്‍ നാളെ പാലക്കാട്ട്

തന്റെ ആത്മകഥയില്‍ ഡോ. സരിന് എതിരായി പരാമര്‍ശമുണ്ടെന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടന്ന പശ്ചാത്തലത്തിലാണ് ഇപി നേരിട്ടെത്തി സരിനു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്നത്.

author-image
Prana
New Update
EP Jayarajan

പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനു വേണ്ടി പ്രചാരണം നടത്താന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജന്‍ നാളെ പാലക്കാട് എത്തും.
തന്റെ ആത്മകഥയില്‍ ഡോ. സരിന് എതിരായി പരാമര്‍ശമുണ്ടെന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടന്ന പശ്ചാത്തലത്തിലാണ് ഇപി നേരിട്ടെത്തി സരിനു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്നത്. നാളെ വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗത്തില്‍ ഇപി സംസാരിക്കും. ആത്മകഥ തന്റേതല്ലെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി പ്രതികരിച്ചിട്ടുണ്ട്. ആത്മകഥാ വിവാദത്തില്‍ അദ്ദേഹം ഡി ജി പിക്ക് പരാതി നല്‍കി. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇ പി നല്‍കിയ പരാതിയില്‍ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കിയിരിക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബ്ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കി. എന്നാല്‍ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്‌സ് മാധ്യമങ്ങളില്‍ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.പോളിംഗ് ദിനം മുട്ടന്‍പണിയായി കട്ടന്‍ ചായയും പരിപ്പ് വടയും ആത്മകഥാ വിവാദം.
ഇന്നലെ രാത്രി തന്നെ ഡിസി ബുക്‌സ് അവരുടെ പേജില്‍ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടന്‍ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രവും നല്‍കിയിരുന്നു. ഇ പിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്. അത്മകഥയിലേത് എന്ന പേരില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുന്ന വിവാദ പരാമര്‍ശങ്ങള്‍ പ്രചരിച്ചതോടെ നിഷേധവുമായി ഇപി ജയരാജന്‍ രംഗത്തെത്തി. നിയമനടപടി എടുക്കുമെന്നും ഇ പി പ്രതികരിച്ചു.

 

ep jayarajan p sarin Palakkad by-election