തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻറെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ പ്രതിരോധത്തിലായി സി.പി.എം.ജാവ്ദേക്കറിനെ കണ്ടതിൽതന്നെ ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിമർശിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾ കൂടിയാണ് സി.പി.ഐ തള്ളുന്നത്.
തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾക്കായി മേയ് രണ്ടിന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് ചേരുന്നുണ്ട്. കൂടിക്കാഴ്ച വിവാദം യോഗത്തിൽ ചർച്ചയാകും. അതിനു ശേഷം തങ്ങളുടെ നിലപാട് മുന്നണിയെ അറിയിക്കാനാണ് സി.പി.ഐ തീരുമാനം. ഫലത്തിൽ വിഷയം സി.പി.എമ്മിൻറെ ആഭ്യന്തര പ്രശ്നം എന്നതിൽനിന്ന് മുന്നണിയുടെ പൊതുപ്രതിസന്ധിയായി മാറുകയാണ്.
അതെസമയം തിങ്കളാഴ്ച ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും.ജയരാജനെക്കുറിച്ചുള്ള പിണറായിയുടെ പരസ്യമായ പരാമർശങ്ങൾ അദ്ദേഹത്തിനുള്ള അവസാന താക്കീതായി പാർട്ടിയിലെ പലരും കാണുന്നുണ്ട്. കൂട്ടുകെട്ടിൽ ആകൃഷ്ടരാകരുതെന്ന മുഖ്യമന്ത്രിയുടെ ഉപദേശം രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നാണ് ജയരാജന്റെ പ്രതികരണം. മനുഷ്യരായതിനാൽ ഒരുപാട് ശരി ചെയ്യുമ്പോൾ കുറച്ച് തെറ്റൊക്കെ പറ്റും. അതൊക്കെ തിരുത്തി മുന്നോട്ടുപോകും എന്ന ജയരാജന്റെ അഭിപ്രായം പാർട്ടി ചെവിക്കൊള്ളുമോ എന്നാണ് അറിയാനുള്ളത്.
നടപടിയെടുക്കാൻ കേന്ദ്രനേതൃത്വത്തോട് സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്യാം. സംസ്ഥാന നേതൃത്വം ഇക്കാര്യം കേന്ദ്രകമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്ത ശേഷമേ പാർട്ടി കേന്ദ്രനേതൃത്വം വിഷയം ചർച്ചക്ക് എടുക്കൂ. ജയരാജനെതിരെ അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ മുതിർന്ന നേതാവിനെ പരസ്യമായി ശാസിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചേക്കുമെന്നതിലേക്കാണ് സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറാൻ പോലും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടേക്കും.