കൊച്ചി: എന്‍ജിന്‍ തകരാര്‍ കാരണം 8 ദിവസം കടലില്‍ ഒഴുകി ഒമാന്‍ തീരത്ത് എത്തിയ മീന്‍പിടിത്ത ബോട്ടിലെ 12 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. കന്യാകുമാരി സ്വദേശികളെയാണ് സെപ്റ്റംബര്‍ 26ന് യുഎഫ്എല്‍ ദുബായ് എന്ന കപ്പല്‍ കണ്ടെത്തി ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിനെയും മുംബൈ മറൈന്‍ റെസ്‌ക്യു കോ ഓര്‍ഡിനേഷന്‍ സെന്ററിനെയും അറിയിച്ച് രക്ഷപ്പെടുത്തിയത്.
കന്യാകുമാരി സ്വദേശിയായ അരുളപ്പന്റെ അലങ്കാരമാതാ എന്ന ബോട്ടിന്റെ എഞ്ചിനാണ്, എഞ്ചിന്‍ മുറിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായത്. കഴിഞ്ഞ 10 ന് തോപ്പുംപടി ഫിഷിങ്ഹാര്‍ബറില്‍ നിന്നായിരുന്നു ബോട്ട് പുറപ്പെട്ടത്. കടലിലേക്കു പോയ ബോട്ട് 5 ദിവസത്തെ യാത്രയ്ക്കു ശേഷം 2 ദിവസം മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടു. മൂന്നാം ദിവസം രാത്രിയാണ് ബോട്ടിന്റെ എഞ്ചിന്‍ നിലച്ചത്.
അതിനെ തുടര്‍ന്ന് 8 ദിവസത്തോളം ബോട്ട് കടലില്‍ ഒഴുകി നടക്കുകയായിരുന്നു. സെപ്റ്റംബര്‍ 26ന് യുഎഫ്എല്‍ ദുബായ് എന്ന കപ്പല്‍ കണ്ടെത്തി ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിനെയും മുംബൈ മറൈന്‍ റെസ്‌ക്യു കോ ഓര്‍ഡിനേഷന്‍ സെന്ററിനും അറിയിപ്പ് നല്‍കി. എഞ്ചിന്‍ തകരാര്‍ പരിഹരിക്കാനുള്ള ഉദ്യമം നടക്കാതെ പോയതോടെ ബോട്ടും അതിലുണ്ടായിരുന്ന 8 ലക്ഷം രൂപയുടെ മീനും കടലില്‍ കളയേണ്ടി വന്നു. തൊഴിലാളികളെ കൈല ഫോര്‍ച്യൂണ്‍ എന്ന കപ്പലില്‍ കയറ്റി കൊച്ചിയിലേക്ക് അയച്ചു.
കൊച്ചിയിലെത്തിയ ഇവരെ കപ്പലില്‍ നിന്ന് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം ഏറ്റെടുത്തു. ഫിഷറീസ് വകുപ്പ്, കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, കസ്റ്റംസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ ആണ് ഇവരെ ഏറ്റെടുക്കാന്‍ എത്തിയത്. ആദ്യ വൈദ്യപരിശോധനയില്‍ തന്നെ 12 മത്സ്യത്തൊഴിലാളുടെയും ആരോഗ്യ നില സുരക്ഷിതമാണ്. കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചിയിലെ കേന്ദ്രത്തിലും സീപോര്‍ട്ട് എമിഗ്രേഷന്‍ ഓഫിസിലും അന്വേഷണം നടത്തിയ ശേഷം തമിഴ്നാട് ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റിന് അവരെ കൈമാറി.