കൊച്ചി: മാസപ്പടി കേസിൽ തുടർനടപടികൾ ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇസിഐആർ ഇഡി രജിസ്റ്റർ ചെയ്തു.പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആർ. കേസിൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നടപടി. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നടപടി.ഇ.ഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്.
ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു. കേസിൽ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു.ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് ഇഡി അടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.
കൃത്യമായ അന്വേഷണത്തിന്റെ പൂർത്തീകരണത്തിന് ഇഡിയുടെ അന്വേഷണവും ആവശ്യമാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. കൊള്ള നടന്നതാണെന്നും കൃത്യയമായ രേഖകളുണ്ടെന്നും ഷോൺ പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.