ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് മേപ്പാടി അട്ടമലയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. തകര്‍ന്ന പോസ്റ്റുകള്‍ മാറ്റിയും ചരിഞ്ഞുപോയവ നിവര്‍ത്തിയും 11 കെ.വി വൈദ്യുതി ശൃംഖല പുനര്‍നിര്‍മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിച്ചെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കെ.എസ്.ഇ.ബി മേപ്പാടി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളായി തിരിഞ്ഞ് ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ പരിശ്രമമാണ് ഫലം കണ്ടത്.
ചൂരല്‍മലയില്‍ നിന്ന് താത്കാലിക പാലത്തിലൂടെ ജീവനക്കാരെയും അവശ്യ ഉപകരണങ്ങളും അട്ടമലയില്‍ എത്തിച്ചായിരുന്നു പ്രവര്‍ത്തനം.
ചൂരല്‍മല ടൗണിലെ ഇലക്ട്രിക്കല്‍ സംവിധാനവും സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്. രാത്രിയില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന് ഇത് വലിയൊരു ആശ്വാസം പകര്‍ന്നിട്ടുണ്ട്.