വൈദ്യുത വാഹനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ മോഡുലേഷന്‍ സ്‌കീമിന്റെ കണ്ടുപിടുത്തത്തിന് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിന് (സി ഇ റ്റി) പേറ്റന്റ് ലഭിച്ചു. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സാധാരണ രീതിയിലുള്ള പള്‍സ് വിഡ്ത്ത് മോഡുലേഷനുകളില്‍ നിന്നു ഭിന്നമായി മികച്ച കാര്യക്ഷമതയും ഉപകരണങ്ങളുടെ പരിമിതമായ ഉപയോഗവും ഉറപ്പാക്കുന്നു എന്നതാണ് പേറ്റന്റ് ലഭിക്കുന്നതിന് ആധാരമായ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത. മോട്ടോര്‍ വാഹനങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിനും പരമാവധി കാര്യക്ഷമതയ്ക്കും ബാറ്ററിയുടെ ആയുര്‍ദൈര്‍ഘ്യത്തിനും ഡ്രൈവിങ്ങിനെയും ഇതു സഹായിക്കുന്നു.
ഈ കണ്ടുപിടുത്തം ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസ്സിംഗ് ടെക്നിക്കുകള്‍, സിഗ്മ ഡെല്‍റ്റ മോഡുലേഷന്‍ (എസ്ഡിഎം), വെക്റ്റര്‍ ക്വാണ്ടൈസേഷന്‍ എന്നിവ ഉപയോഗിച്ച് സ്പേസ് വെക്റ്റര്‍ മോഡുലേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസര്‍ (ഡി.എസ്.പി)/ ഫീല്‍ഡ് പ്രോഗ്രാമബിള്‍ ഗേറ്റ് അറേ (എഫ്.പി.ജി.എ) ഉപയോഗിച്ചുള്ള ഡിജിറ്റല്‍ നിര്‍വ്വഹണത്തിന് കൂടുതല്‍ അനുയോജ്യമാക്കുന്ന, ഓവര്‍സാംപ്ലിംഗും ക്വാണ്ടൈസേഷന്‍ പ്രക്രിയകളും കാരണം കണ്ടുപിടിത്തം സമയത്തിലും വ്യാപ്തിയിലും വ്യതിരിക്തമാണ്.സി.ഇ.റ്റിയിലെ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ ഡോ. ബിജി ജേക്കബും ഗവേഷണ വിദ്യാര്‍ഥിയുമായ ജീഷ്മ മേരി പോളും സംയുക്തമായി നടത്തിയ ഗവേഷണമാണ് പേറ്റന്റിന് അര്‍ഹമാക്കിയത്.