കോഴിക്കോട്: ഇരുമ്പുകമ്പിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളജ് ജങ്ഷനിൽ സ്വകാര്യ വ്യക്തിയുടെ ഷെഡിൽനിന്ന് ഷോക്കേറ്റാണ് പുതിയോട്ടിൽ ആലി മുസല്യാരുടെ മകൻ മുഹമ്മദ് റിജാസ് (18) മരിച്ചത്. മെഡിക്കൽ കോളജ് പൊലീസാണ് അന്വേഷണം നടത്തുന്നത്. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, വൈദ്യുത കേബിളിന് തകരാറുണ്ടെന്ന പരാതി നേരത്തെ അന്വേഷിച്ചിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. എന്നാൽ, പരിശോധന നടത്തിയപ്പോൾ തകരാർ കണ്ടെത്താനായില്ല. മഴ പെയ്തപ്പോൾ ഉണ്ടായ പ്രശ്നമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്നും കെഎസ്ഇബി അറിയിച്ചു.
രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞു തിരികെ വരുന്നതിനിടെ പെട്രോൾ തീർന്ന ബൈക്ക് ഷെഡിലേക്ക് മാറ്റിവയ്ക്കാൻ കയറിയപ്പോഴാണ് ഇരുമ്പു തൂണിൽനിന്ന് മുഹമ്മദ് റിജാസിന് ഷോക്കേറ്റത്. കഴിഞ്ഞ 17ന് തന്നെ സർവീസ് ലൈനിൽ നിന്ന് ഷെഡിലേക്ക് വൈദ്യുതി പ്രവാഹം ഉണ്ടെന്ന കാര്യം കോവൂർ കെഎസ്ഇബി സെക്‌ഷൻ ഓഫിസിലേക്ക് ഫോണിലും തുടന്ന് രേഖാമൂലവും കെട്ടിട ഉടമ പരാതി നൽകിയതാണ്. ഇതേ ഇരുമ്പു തൂണിൽനിന്ന് ഷോക്കേറ്റ പ്രദേശ വാസികളും ഫോണിൽ കെഎസ്ഇബിയെ ഇക്കാര്യം അറിയിച്ചിരുന്നു. ഉദ്യേഗസ്ഥൻ വന്നു നോക്കി പോയതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.