2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിത്രത്തിലില്ലാതെ കേരളത്തിലെ വനിതാ സ്ഥാനാര്‍ത്ഥികള്‍. കേരളത്തില്‍ നിന്ന് മത്സരിച്ച ഒരു വനിതാ സ്ഥാനാര്‍ഥിക്ക് പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആകെ 9 സ്ത്രീകളാണ് ഇത്തവണ ലോക്‌സഭാ ഇലക്ഷനില്‍ മത്സരിച്ചത്. ഇവര്‍ക്കെല്ലാവര്‍ക്കും കയ്യെത്താ ദൂരത്തായിരുന്നു വിജയം എന്നതാണ് നിരാശകരമാണ്. എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ആദ്യ റൗണ്ടില്‍ വിജയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും മാറി മറിഞ്ഞ ലീഡ് നിലകള്‍ക്കൊടുവില്‍ തോല്‍വിക്ക് കീഴടങ്ങേണ്ടി വന്നു. ആലപ്പുഴയില്‍ കഴിഞ്ഞതവണത്തെക്കാള്‍ ബിജെപിക്ക് ഒരു ലക്ഷം വോട്ട് കൂടുതല്‍ നേടി എന്നുള്ളത് അവര്‍ക്ക് അഭിമാനകരം തന്നെ.കെ കെ ശൈലജ ടിച്ചറും വലിയ രീതിയില്‍ പരാജയം അറിഞ്ഞു. കെ കെ ശൈലജ ഇത്തവണ 114506 വോട്ടിനാണ് ഷാഫി പറമ്പിലിനോട് തോറ്റത്. എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി ഷൈന്‍ ടീച്ചറെ മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ട് വ്യത്യാസത്തിലാണ് ഹൈബി ഈടനോട് പരാജയപ്പെട്ടത്. 250385 വോട്ട് അധികം നേടിയാണ് ഹൈബി ഷൈന്‍ ടീച്ചറെ പരാജയപ്പെടുത്തിയത്.വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇടതുപക്ഷം രംഗത്തിറക്കിയ ആനി രാജയാണ് മറ്റൊരു സ്ഥാനാര്‍ത്ഥി. 3,64,422 വോട്ടുകളുമായി രാഹുല്‍ വയനാട്ടില്‍ വിജയം നേടിയപ്പോള്‍ 2,83,023 വോട്ടുകളുമായി ആനി രാജ തൊട്ടുപിന്നിലായി. കാസര്‍കോട് നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയും 269132 വോട്ടിന് മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. പൊന്നാനിയിലെ ബിജെപി സ്ഥാനാര്‍ത്ഥി നിവേദ സുബ്രഹ്മണ്യന്‍ കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരം വോട്ട് കൂടുതല്‍ നേടി. ഇടുക്കിയില്‍ മത്സരിച്ച സംഗീത വിഷ്ണുനാഥന്‍ മാത്രമാണ് ഒരു ലക്ഷത്തില്‍ താഴെ വോട്ട് പിടിച്ച വനിതാ സ്ഥാനാര്‍ത്ഥി.
ഇവര്‍ മാത്രമല്ല ആലത്തൂരിലെ സിറ്റിങ് എംപി ആയിരുന്ന രമ്യാ ഹരിദാസും പരാജയത്തിന്റെ കയ്പ്പ് നുണഞ്ഞ സ്ത്രീ പ്രാതിനിധ്യമാണ്.
സ്ത്രീ ശാക്തീകരണത്തില്‍ മുന്നിലാണ് കേരളം. വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നില്‍ സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണത്തിലോ, തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തിലോ ഈ മുന്നേറ്റം പ്രകടമല്ല. ഇത്തവണയും ഈ സ്ഥിതിയില്‍ മാറ്റമില്ലെന്ന് തന്നെയാണ് മുകളിലെ കണക്കുകളും പറയുന്നത്.