കണ്ണൂർ: ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഇ കെ നായനാർ കേരളത്തിന്റെ ജ്വലിക്കുന്ന ഓർമയായിട്ട് ഇന്നേക്ക് 20 വർഷം.കണ്ണൂർ പയ്യാമ്പലം നായനാരുടെ സ്മൃതി കുടിരത്തിൽ രാവിലെ എട്ട് മണിക്ക് പുഷ്പാർച്ചന നടക്കും.ചരമവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന നായനാർ അക്കാദമിയിലെ അനുസ്മരണ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും.
അദ്ദേഹത്തിന്റെ ജന്മനാടായ കല്യാശ്ശേരിയിലും വൈകിട്ട് അനുസ്മരണ പരിപാടികൾ നടക്കും. തുടർന്ന് ബർണശ്ശേരിയിലെ നായനാർ മ്യൂസിയം പൊതുജനങ്ങൾക്കായി ഇന്ന് തുറന്നുകൊടുക്കും.ഇതോടെ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നായനാരുമായി ജനങ്ങൾക്ക് സംസാരിക്കാം.20 വർഷംമുമ്പ് 2004 മേയ് 19 നാണ് നായനാർ വിട്ടുപിരിഞ്ഞത്.
നർമ്മബോധം വേണ്ടുവോളമുള്ള വാഗ്മി, കർഷർക്കായി പോരാടിയ ധീരനേതാവ്, സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞ ഭരണാധികാരി തുടങ്ങീ വിശേഷണങ്ങൾ ഏറെയാണ് നയനാർക്ക്.മൂന്ന് തവണകളായി 11 വർഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ 1918 ഡിസംബർ 9 ന് കണ്ണൂർ കല്യാശേരിയിലാണ് ജനിച്ചത്. ചെറുപ്പത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നായനാർക്ക് ഉപ്പുസത്യഗ്രഹത്തിനു കല്യാശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ പ്രായം വെറും പതിമൂന്ന് വയസായിരുന്നു.
കോൺഗ്രസിലെ ഇടതു പക്ഷ ചിന്താഗതിക്കാർ ചേർന്ന് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിൽ ചേർന്ന നായനാർ 1939 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തി.കയ്യൂർ- മൊറാഴ സമരങ്ങളിൽ വഹിച്ച പങ്കിനെ തുടർന്ന് ഒളിവിൽ പോകേണ്ടി വന്ന മൂന്നാം പ്രതിയായ നയനാരൊഴികെ മറ്റു മുഖ്യപ്രതികളെല്ലാം തൂക്കിലേറ്റപ്പെട്ടു. 1964 ൽ സിപിഐ ദേശീയ കൗൺസിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ (എം) എന്ന പാർട്ടിയുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചു.
അടിയന്തരാവസ്ഥകാലത്ത് വീണ്ടും ഒളിവിൽ പോവേണ്ടി വന്ന നായനാർ 1980 ൽ ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് 1987 , 2001 എന്നീ വര്ഷങ്ങളിൽ രണ്ട് പ്രാവശ്യം കൂടി നായനാർ ആ പദവി അലങ്കരിച്ചു.രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഡെൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട ഇ.കെ നായനാർ ഹൃദയാഘാതത്തെ തുടർന്ന് 2004 മെയ് 19 ന് അന്തരിച്ചു. കേരളം കണ്ട ഏറ്റവും വലിയ വിലാപ യാത്രയായി കണ്ണൂരെത്തിച്ച മൃതദേഹം എ കെ ജി , സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരുടെ ശവകുടീരങ്ങൾക്ക് സമീപം സംസ്‌കരിച്ചു.