തിരുവനന്തപുരം: ആത്മകഥാ വിവാദം കത്തിപ്പടരവെ കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ വെള്ളിയാഴ്ച നടക്കുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് വിശകലനവും വായനാട് പാക്കേജ് അനുവദിക്കാത്ത കേന്ദ്രനിലപാടും ചർച്ചയാകും.
സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് എത്തിയ ഇ.പി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മാധ്യമങ്ങളെ കാണേണ്ട സമയത്ത് കാണാമെന്നാണ് ഇ.പി പറഞ്ഞത്. ഈ ഘട്ടത്തിൽ ആത്മകഥാ വിവാദത്തില്‍ ഇ.പിയോട് വിശദീകരണം ചോദിച്ചേക്കില്ല എന്നാണ് സൂചന . വ്യാഴാഴ്ച സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ, എഴുതിപൂർത്തിയാകുന്നതിനുമുൻപ് ആത്മകഥയിലെ ഭാഗങ്ങൾ പുറത്തുവന്നതിൽ ചതിയുണ്ടായിട്ടുണ്ടോ എന്ന് ഇ.പിക്ക് സംശയമുണ്ട്. പുസ്തകം പുറത്തിറങ്ങുന്നതിനെക്കുറിച്ച് ജയരാജൻ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ ഉറപ്പിച്ചുപറയുന്നു. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം തന്നെ വിവാദകുറിപ്പുകൾ പുറത്തുവന്നതിലാണ് ദുരൂഹതയുള്ളത്. അത് ഇ.പി.യെ വെട്ടിലാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് സംശയം.