കൊച്ചി: ലൈംഗികാതിക്രമ കേസിൽ എംഎൽഎയും നടനുമായ മുകേഷിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. അറസ്റ്റിൽ ആശങ്കയില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും രക്ഷപ്പെടാൻ പാടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ശിക്ഷിക്കപ്പെടണം. സർക്കാരിന് മുന്നിൽ എല്ലാവരും തുല്യരാണ്. ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ കോർപറേറ്റ് സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണത്തിനെതിരെ ശക്തമായ എതിർപ്പ് ഉണ്ടാകണമെന്നും വി കെ സനോജ് പറഞ്ഞു. ഒരു അന്ന സെബാസ്റ്റ്യന്റെ മാത്രം വിഷയം അല്ല. ആ കമ്പനിയിൽ 16 ഓളം മണിക്കൂർ ആണ് വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നത്. ഇത് അന്നയുടെ അച്ഛൻ പങ്കുവെച്ചതാണ്. കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. എന്നാൽ കമ്പനികളോട് സർക്കാർ ചങ്ങാത്തം കാണിക്കുകയാണെന്നും വി കെ സനോജ് പറഞ്ഞു.
നിർമല സിതാരാമന്റെ പ്രതികരണം അങ്ങേയറ്റം ലജ്ജകരമായത്. ഉത്തരവാദിത്വപ്പെട്ട മന്ത്രിയിൽ നിന്നാണ് അങ്ങനെ ഒരു പ്രതികരണം ഉണ്ടായത്. അതിൽ ശക്തമായ പ്രതീഷേധം ആണ് ഡിവൈഎഫ്‌ഐ അറിയിച്ചത്. സെപ്റ്റംബർ 25,26 തീയതികളിൽ സംഘടനയുടെ നേതൃത്വത്തിൽ കേന്ദ്ര തൊഴിൽ മന്ത്രിക്കും പ്രധാന മന്ത്രിക്കും കേരളത്തിൽ നിന്ന് ഒരു ലക്ഷം ഇ മെയിൽ സന്ദേശം അയക്കും. ഒക്ടോബർ അഞ്ചിന് പ്രൊഫഷണൽ മീറ്റ് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തൊഴിലാളി പ്രശ്‌നം ഗൗരവമായി ചർച്ച ചെയ്യുമെന്നും വി കെ സനോജ് പറഞ്ഞു.