കൊച്ചി: പാനൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് രക്ഷാപ്രവർത്തകനായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28)വിന്റെ രക്ഷാപ്രവർത്തനത്തെ തെറ്റായി ചിത്രീകരിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എറണാകുളത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.
‘സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നുവെന്നത് കള്ള പ്രചാരണമാണ്. രണ്ടുപേരെ പിടിച്ചിട്ടുണ്ട്. അതിൽ ഒരാൾ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. ഞാൻ ഇന്ന് രാവിലെ തന്നെ അന്വേഷിച്ചു. എന്താ പ്രശ്നം? ഇവർ ചിതറിക്കിടക്കുന്ന സന്ദർഭത്തിൽ നാട്ടുകാർ ഓടിക്കൂടിയപ്പോൾ അതിന്റെ മുൻപന്തിയിൽനിന്ന് ആശുപത്രിയിൽ എത്തിക്കാനും ചികിത്സ നൽകാനും നേതൃത്വം നൽകിയ ആളാണ്. ആ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയാണ് പൊലീസ് പിടിച്ചത്’ -എം.വി. ഗോവിന്ദൻ പറഞ്ഞു.
അതെസമയം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജ്യോതി ബാബുവിന്റെ അടുത്ത ബന്ധുവാണ് പാനൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അമൽ ബാബു.മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുനും ഞായറാഴ്ചയാണ് പിടിയിലായത്.കേസിൽ ഇതിനകം ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് മരിച്ച പ്രതിയുടെ വീട്ടിൽ സി.പി.എം നേതാക്കൾ സന്ദർശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.മനുഷ്യത്വത്തിന്റെ പേരിൽ നടത്തിയ സന്ദർശനമാണെന്നും രാഷ്‌ട്രീയമായി സന്ദർശനത്തെ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പാനൂർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സാധാരണ ഗതിയിൽ അംഗീകരിക്കാനാവാത്ത കാര്യമാണ് നടന്നത്. നമ്മുടെ നാട്ടിൽ ബോംബ് നിർമിക്കേണ്ട യാതൊരു ആവശ്യവുമില്ല. നിയമപരമായിട്ട് തന്നെ ഇതിനെതിരെ നടപടിയെടുക്കും. നടപടി എടുത്ത് കഴിഞ്ഞിട്ടുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങളെ കാണേണ്ട ആവശ്യമില്ല. തെറ്റാണ് ചെയ്തിട്ടുള്ളത്. ആ തെറ്റ് ചെയ്തവർക്ക് എതിരെ നടപടി ഉണ്ടാകും
ബോംബ് നിർമിക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോയതിൽ അസ്വാഭാവികതയില്ല, നാട്ടിലുള്ള മരണവീട്ടിൽ പോകുന്നത് നിഷിദ്ധമായ കാര്യമല്ല, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിൽ തെറ്റില്ല, മരിച്ചയാൾക്ക് അന്തിമോപചാരമർപ്പിക്കുന്ന മനുഷ്യത്വപരമായ സന്ദർശനമാണത്. ജാഗ്രതക്കുറവുണ്ടായെന്ന ഏരിയാ സെക്രട്ടറിയുടെ അഭിപ്രായത്തോട് യോജിപ്പില്ല’ -മുഖ്യമന്ത്രി