‘എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും മുഖം നോക്കാതെ നടപടി വേണം’: ഡിവൈഎഫ്ഐ

ഇത്തരമൊരു നടപടി കേരളത്തിൽ സാധ്യമായത് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ - സാമൂഹിക സംസ്കാരവും ഇടതുപക്ഷ ഭരണവും നിലനിൽക്കുന്നതിനാലാണ്.

author-image
Vishnupriya
New Update
dyfi
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളും അത്യധികം ഗൗരവമേറിയതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്ഐ. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടേണ്ടി വരുന്ന തൊഴിൽ ചൂഷണങ്ങൾക്ക് നേരെയുള്ള ഒരു ചൂണ്ടു പലകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ആരോപണ വിധേയർ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കൃത്യമായി അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കുകയും ചെയ്യണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

‘‘അനുഭവിച്ച ചൂഷണങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് സധൈര്യം മുന്നോട്ട് വന്ന സഹോദരിമാരുടെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു. പരാതിപ്പെടുന്നവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കൂടിയും അല്ലാതെയും നടക്കുന്ന വ്യക്തിഹത്യ പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല. ഈ സാഹചര്യത്തിൽ സർക്കാർ പ്രത്യേകം അന്വേഷണസംഘത്തെ നിയോഗിച്ചത് പ്രതീക്ഷ നൽകുന്നതാണ്. നടിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ സർക്കാർ കൈക്കൊണ്ട ധീരമായ നിലപാട് തന്നെയാണ് ഹേമാ കമ്മറ്റിക്ക് രൂപം കൊടുത്തത്. ഇപ്പോൾ പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനോട് സംസ്ഥാന സർക്കാർ സ്വീകരിച്ച ദ്രുത ഗതിയിലുള്ള നടപടികളുമാണ് കൂടുതൽ സ്ത്രീകൾക്ക് തുറന്നു പറച്ചിലിനുള്ള ധൈര്യം നൽകിയത്’’ – ഡിവൈഎഫ്ഐ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പോലൊരു പഠനവും റിപ്പോർട്ടും രാജ്യത്ത് തന്നെ ആദ്യമായാണ്. ഇത്തരമൊരു നടപടി കേരളത്തിൽ സാധ്യമായത് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ - സാമൂഹിക സംസ്കാരവും ഇടതുപക്ഷ ഭരണവും നിലനിൽക്കുന്നതിനാലാണ്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോട് അപമര്യാദയോടെ പെരുമാറിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെയും നടൻ ധർമജന്റെയും നിലപാടുകൾ പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ കൂട്ടിചേർത്തു .

dyfi hema committee report