മലയാള സിനിമയെ വീണ്ടും ലഹരി ഉപയോഗം പിടിച്ചുകുലുക്കുന്നു. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളുടെ പേരും ഉള്ളത്.
സിനിമാ താരങ്ങളാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താരങ്ങള്‍ക്കു പുറമെ 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
താരങ്ങള്‍ എന്തിനാണ് എത്തിയത് എന്നറിയാന്‍ പ്രതികളായ ഓം പ്രകാശിനെയും ഷിഹാബിനെയും കസ്റ്റഡിയില്‍ വേണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇരുവര്‍ക്കും ജാമ്യം ലഭിക്കുകയും ചെയ്തു. സിനിമാ മേഖലയിലുള്ള കൂടുതല്‍ പേരിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.
ലഹരി വില്‍പ്പന നടന്നുവെന്നു സംശയിക്കുന്ന ഓം പ്രകാശിന്റെ മുറിയില്‍ എത്തിയവരെയും ചോദ്യം ചെയ്യണം എന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. മൂന്ന് മുറികളിലായാണ് ലഹരി ഇടപാടുകളുണ്ടായത് എന്നാണ് വിവരം. കൊക്കെയ്ന്‍ അടക്കം പ്രതികളില്‍ നിന്ന് പിടികൂടിയിരുന്നു.
വിദേശത്ത് നിന്നും മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതികളെന്നാണ് സൂചന. ഇവര്‍ ബുക്ക് ചെയ്ത മുറിയിലും അടുത്തുളള രണ്ട് മുറികളിലുമായാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഹോട്ടലിലെ സിസിടിവി അടക്കം പരിശോധിച്ചു. മറ്റ് രേഖകളും പരിശോധിച്ചു. ഇതില്‍ നിന്നാണ് താരങ്ങളുടെ അടക്കം വിവരം ലഭിച്ചത്.
ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാര്‍ക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്.
ആദ്യം കരുതല്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഏതാനും ദിവസം മുമ്പ് കൊച്ചിയില്‍ എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡന്‍സാഫ് സംഘത്തിനാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടു ലഹരി ഇടപാടുകള്‍ നടക്കുന്നു എന്ന വിവരം ലഭിച്ചത്.
തുടര്‍ന്ന് ഞായറാഴ്ച പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ലീറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നു എന്നു പൊലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ന്‍ ഉപയോഗിച്ചതിനുശേഷമുള്ള ചില അവശിഷ്ടങ്ങളും മുറിയില്‍ നിന്നു കണ്ടെടുത്തു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്നതറിയാനുള്ള രക്തപരിശോധനയ്ക്കുള്ള സാംപിളും പൊലീസ് ശേഖരിച്ചിരുന്നു.
കോടതിയില്‍ ഹാജരാക്കി പ്രതികളെ വിട്ടുകിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
ബോബി ചലപതി എന്നയാള്‍ ബുക്ക് ചെയ്തിരുന്ന മുറിയിലായിരുന്നു ഓംപ്രകാശും ഷിഹാസും ഉണ്ടായിരുന്നത്. 1421, 1423, 1506 എന്നീ മുറികളില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്നു ശനിയാഴ്ച ഡിജെ പാര്‍ട്ടി നടത്തി എന്നാണു കസ്റ്റഡി അപേക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്ന് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ശനിയാഴ്ചയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും ഇവിടെ എത്തിയത് എന്നാണ് വിവരം. മുറിയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം മനസിലായ സാഹചര്യത്തില്‍ ഇരുവരുടെയും മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.
തലസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് ഓം പ്രകാശ്. വ്യവസായി പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ്.