താമരശ്ശേരിയിൽ ലഹരിക്കടിമപ്പെട്ട യുവതിയുടെ പരാക്രമം; SI-യ്ക്കും , വനിതാ പോലീസിനും മർദനം

നാഭിയ്ക്കുള്‍പ്പെടെ അടിയേറ്റ് പരിക്കേറ്റ വനിതാ സി.പി.ഒ.യുടെ പരാതിയില്‍, അക്രമം നടത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവതിക്കെതിരേ താമരശ്ശേരി പോലീസ് കേസെടുത്തു.

author-image
Vishnupriya
New Update
ko
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട് : താമരശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡിലും തുടർന്ന് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും ലഹരിക്കടിമപ്പെട്ട യുവതിയുടെ അതിക്രമം. സ്വകാര്യ ബസില്‍നിന്നിറങ്ങാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ പിടിച്ചുമാറ്റാനെത്തിയ എസ്.ഐ.യെയും വനിതാ പോലീസ് ഉദ്യോഗസ്ഥയെയുമുൾപ്പെടെ യുവതി മർദിച്ചു. 

സ്റ്റാന്‍ഡില്‍വെച്ച് പുരുഷ എസ്.ഐ.യുടെ കഴുത്തിനടിച്ച യുവതി, അവിടെവെച്ചും പിന്നീട് താലൂക്ക് ആശുപത്രിയില്‍വെച്ചും ഒരു വനിതാ സി.പി.ഒ.യെ ആക്രമിക്കുകയായിരുന്നു. അസഭ്യവര്‍ഷം നടത്തിയും ആളുകള്‍ക്കുനേരേ കാര്‍ക്കിച്ചുതുപ്പിയും അക്രമാസക്തയായ യുവതി, തന്നെ നിയന്ത്രിക്കാനെത്തിയ മറ്റ് വനിതാ പോലീസുകാരെ പിടിച്ചുതള്ളിമാറ്റുകയും ചെയ്തു.

നാഭിയ്ക്കുള്‍പ്പെടെ അടിയേറ്റ് പരിക്കേറ്റ വനിതാ സി.പി.ഒ.യുടെ പരാതിയില്‍, അക്രമം നടത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവതിക്കെതിരേ താമരശ്ശേരി പോലീസ് കേസെടുത്തു.

പിന്നാലെ, യുവതിയെ കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് റഫര്‍ ചെയ്ത് അയയ്ക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെയായിരുന്നു സംഭവം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശിനിയായ യുവതിയാണ് താമരശ്ശേരിയില്‍ ഇത്തരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കൊയിലാണ്ടി മുണ്ടോത്ത്‌ നിന്നാണ് യുവതി കയറിയത്. ബസ് താമരശ്ശേരിയിലെത്തിയപ്പോള്‍ ആവശ്യപ്പെട്ടിട്ടും യുവതി ഇറങ്ങാതിരുന്നതോടെ, ബസ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ആദ്യം സ്ഥലത്തെത്തിയ ട്രാഫിക് പോലീസുകാരും നാട്ടുകാരും യുവതിയോട് ഇറങ്ങാനാവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നീട് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്.ഐ.യുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാരുള്‍പ്പെട്ട സംഘം സ്ഥലത്തെത്തി യുവതിയെ ബലമായിറക്കി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിക്കുകയായിരുന്നു. സ്റ്റാന്‍ഡില്‍വെച്ചും ആശുപത്രിയില്‍വെച്ചും യുവതി അക്രമാസക്തയാവുകയായിരുന്നു.

kozhikkode