അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ. എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച എറണാകുളം ടൗൺ ഹാളിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റാൻ അനുവദിക്കാതെ മകൾ ആശ ലോറൻസും ചെറുമകനും മൃതദേഹത്തിന് സമീപം നിലയുറപ്പിച്ചതാണ് നാടകീയ രംഗങ്ങൾക്ക് കാരണമായത്.
മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകില്ലെന്നായിരുന്നു ആശ ലോറൻസിന്റെ നിലപാട്. ഇവരെ പിന്തിരിപ്പിക്കാൻ സിപിഎം പ്രവർത്തകരും നേതാക്കളും ഉൾപ്പെടെയുള്ളവർ ശ്രമിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ മൃതദേഹത്തിനരികെ നിലയുറപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നൽകിയ ഹർജിയിലാടയിരുന്നു വിധി. ഹർജിയിൽ അന്തിമ തീരുമാനം വരും വരെ ലോറൻസിന്റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.