ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിൻറെ
അന്വേഷണം ജൂൺ 30-ന് അകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. അതിനപ്പുറം സമയം നീട്ടിനൽകില്ലെന്ന് കോടതി വ്യക്തമാക്കി. ജൂലൈ 15-ന് ഹർജി പരിഗണിക്കുന്നതിന് മുമ്പായി അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കൈമാറാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
കേസിലെ കൂട്ട് പ്രതിയായ ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ (IHC Beaver) കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രത്തോട് തേടിയിട്ടിട്ടുണ്ടെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. ഇതിൻറെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലെറ്റർ റോഗടറി (Letter Rogatory) കൈമാറി. നേരത്തെ കൈമാറിയിരുന്ന ലെറ്റർ റോഗടറി സാങ്കേതിക കാരണങ്ങളാൽ കേന്ദ്രം മടക്കിയിരുന്നു. പിന്നീട് പുതിയ ലെറ്റർ റോഗടറി കൈമാറിയെന്നും സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി. ഹമീദ് എന്നിവർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
ഇതിൽ കേന്ദ്രത്തിൻറെ മറുപടി ലഭിച്ചിട്ടില്ലെന്നും സംസ്ഥാനം കോടതിയിൽ വ്യക്തമാക്കി. അന്വേഷണം ജൂൺ 30-നകം പൂർത്തിയാക്കണമെന്ന ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് സുപ്രീം കോടതി അനുമതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോയിലെ ഡിവൈ.എസ്.പി. കെ. പ്രശാന്തിനാണ് സുപ്രീം കോടതി അനുമതി നൽകിയത്.
ഏകദേശം 4 വർഷക്കാലം അന്വേഷണം നടത്തിയിട്ടും വിജിലൻസിന് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജേക്കബ് തോമസിന് വേണ്ടി ഹാജരായ അഭിഭാഷകൻ എ. കാർത്തിക് കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകരുതെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ, അവസാന അവസരം എന്ന നിലയിലാണ് അന്വേഷണം പൂർത്തിയാക്കാൻ ജൂൺ 30 വരെ സമയം നീട്ടി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. കേസിലെ പരാതിക്കാരനായ സത്യൻ നരവൂരിന് വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജ് ഹാജരായി.