തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഓഫിസുകൾ വൃത്തിയായി സൂക്ഷിക്കാന്‍ കര്‍മപദ്ധതിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിക്കരുതെന്നു മന്ത്രി നിര്‍ദേശം നൽകി. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പട്ടു.
‘എനിക്കു നിങ്ങളോടു ചിലതു പറയാനുണ്ട്’ എന്ന പേരിൽ കെഎസ്ആർടിസിയുടെ ഔദ്യോഗിത യൂട്യൂബ് പേജിൽ പങ്കുവച്ച വിഡിയോയിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ബസ് സ്‌റ്റേഷനിലോ ബസ്സിന്റെ പുറത്തോ പോസ്റ്റര്‍ ഒട്ടിച്ചാല്‍ അക്കാര്യം പൊലീസില്‍ അറിയിക്കണം. അത്തരം സംഘടനകള്‍ക്കെതിരെ കെഎസ്ആര്‍ടിസി കേസ് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഒരു ഫയലും ഉദ്യോഗസ്ഥര്‍ നടപടി എടുക്കാതെ മേശയില്‍ വയ്ക്കാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ നടപടി എടുക്കും. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്ന പരാതിയും നിരന്തരമായി വരുന്നുണ്ട്. പരാതികള്‍ അയയ്ക്കാന്‍ പൊതുജനങ്ങള്‍ക്കായി പുതിയ സംവിധാനം കൊണ്ടുവരും.
എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കു മുന്‍പ് ജോലികള്‍ തീര്‍ത്ത ശേഷം സാറ്റര്‍ഡേ സ്മാര്‍ട്ട് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ഓഫിസ് വൃത്തിയാക്കണം. ഫയലുകള്‍ അടുക്കിവച്ച് ഫാനുകള്‍ ഉള്‍പ്പെടെ തൂത്ത് വൃത്തിയായി സൂക്ഷിക്കണം. ജോലി കഴിഞ്ഞ് പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യാന്‍ മറക്കരുത്. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി നിരക്കില്‍ പത്തുലക്ഷത്തിലധികം രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ആറു മാസത്തിനുള്ളില്‍ എല്ലാ ഡിപ്പോകളും കംപ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും മന്ത്രി വീഡിയോയിൽ പറഞ്ഞു.