തൃശ്ശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീഡിയോ കോൾ വിവാദത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ്. സിപിഐഎം പ്രവർത്തകരുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കെ സുധാകരൻ നടത്തിയ ഫോൺ സംഭാഷണമാണ് വിവാദമായിരിക്കുന്നത്. താനെത്തിയിട്ട് തിരിച്ചടിക്കാമെന്ന കെ സുധാകരന്റെ ആക്രമണ ആഹ്വാനം സിപിഐഎം ഇതിനോടകം പ്രചരായുധമാക്കിക്കഴിഞ്ഞു.
കഴിഞ്ഞദിവസം വൈകിട്ട് ചെറുതുരുത്തിയിലാണ് സിപിഐഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. മദ്യലഹരിയിൽ കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് സിപിഐം ആരോപിക്കുന്നത്. എന്നാൽ, ചെറുതുരുത്തി സി.ഐ. സിപിഐഎം പ്രവർത്തകർക്കൊപ്പം നിന്ന് രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സി ഐയെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് കത്തയച്ചിട്ടുണ്ട്.
സംഭവത്തിൽ മൂന്ന് സിപിഐഎം പ്രവർത്തകർക്കെതിരെയും ഒരു കോൺഗ്രസ് പ്രവർത്തകനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ഏരിയ കമ്മിറ്റിയംഗവുമായ ഷേഖും കേസിൽ പ്രതിയാണ്.