ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകൽ;  മൂന്ന് മക്കളോടും ഹാജരാകാൻ നിർദേശം

ലോറൻസിന്റെ മൃതദേഹം മെഡി. കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന ഹൈക്കോടതി നിർദേശം തുടർന്നാണ് നടപടി.

author-image
Anagha Rajeev
New Update
MM Lawrence
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിനായി ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ കളമശേരി മെഡിക്കൽ കോളജ് അഡ്വസൈറി കമ്മിറ്റി രൂപീകരിച്ചു. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ഉൾപ്പെട്ടതാണ് കമ്മിറ്റി. നാളെ കമ്മിറ്റിക്ക് മുമ്പാകെ എംഎം ലോറൻസിന്റെ മൂന്നു മക്കളും ഹാജരാകാൻ മെഡി. കോളജ് പ്രിൻസിപ്പാൾ അറിയിച്ചു. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.

കളമശ്ശേരി മെഡിക്കൽ കോളജിൽ ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോറൻസിന്റെ മൃതദേഹം മെഡി. കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന ഹൈക്കോടതി നിർദേശം തുടർന്നാണ് നടപടി.

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ ആശയുടെ ഹർജിയിൽ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആ​ഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു.

അതേസമയം, ക്രിസ്തീയ മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന സഹോദരിയുടെ ആവശ്യത്തിൽ താൻ തെറ്റൊന്നും കാണുന്നില്ലെന്നും ഇപ്പോഴുണ്ടായ വിവാദങ്ങൾക്ക് പിന്നിൽ ആർഎസ്എസ്- ബിജെപി സംഘടനകളിലെ ചില ആളുകൾ ഉണ്ടെന്നും തന്റെ സഹോദരിയെ അവർ ഒരു ടൂൾ ആക്കി മാറ്റിയെന്നും ‌മകൻ സജീവൻ പറഞ്ഞു.

MM Lawrence