തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേന്ദ്രത്തില്‍ ഇന്‍ഡ്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലും വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ശിവകുമാര്‍ പറഞ്ഞു.
മതത്തിനും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ രാജ്യം അംഗീകരിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളോട് അവഗണനയാണു കാണിക്കുന്നതെന്നും ഇതിനെല്ലാം തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
''രാജ്യത്തു നരേന്ദ്ര മോദി തരംഗമോ ബിജെപി തരംഗമോ ഇല്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ രാജ്യം അംഗീകരിക്കില്ല. ബിജെപിയും എല്‍ഡിഎഫുമായി കേരളത്തില്‍ കൂട്ടുകെട്ടുണ്ട്. എല്‍ഡിഎഫിനു വോട്ടു ചെയ്താല്‍ ആ വോട്ട് ബിജെപിക്കായിരിക്കും പോകുക. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനം വിധിയെഴുതും. കേന്ദ്രസര്‍ക്കാര്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളോട് അവഗണനയാണു കാണിക്കുന്നത്. അതിനും തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കും.
ബിജെപി എന്താണു കേരളത്തിനുവേണ്ടി ചെയ്തത്? വര്‍ഷങ്ങളായി രാജ്യസഭയെ പ്രതിനിധീകരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാതെയാണു മത്സരിക്കുന്നത്. ലോക്‌സഭയിലേക്കു മത്സരിക്കുമ്പോള്‍ അദ്ദേഹം അധികാരസ്ഥാനം രാജിവയ്ക്കണമായിരുന്നു. കര്‍ണാടകയില്‍ നിലവിലെ കേന്ദ്രമന്ത്രിമാര്‍ക്കുപോലും ബിജെപി സീറ്റ് നല്‍കിയിട്ടില്ല. പുതുമുഖങ്ങളെയാണ് കൂടുതലും മത്സരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ബിജെപിക്ക് മന്ത്രിമാരെയും സ്ഥിരം സ്ഥാനാര്‍ഥികളെയും തിരഞ്ഞെടുപ്പില്‍നിന്ന് മാറ്റാനുള്ള സാഹചര്യമുണ്ടായതെന്നു ചിന്തിക്കണം. കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെപോലും തിരുവനന്തപുരത്തു മത്സരിക്കാന്‍ അയച്ചിരിക്കുകയാണ്.
ബിജെപിക്ക് ആത്മവിശ്വാസം നഷ്ടമായി. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി കൂടുതല്‍ ശക്തിയോടെ ഇന്ത്യാ മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍വരും. തിരുവനന്തപുരത്തെ ജനം തരൂരിനെ വീണ്ടും തിരഞ്ഞെടുക്കും. തരൂരിനെ ആര്‍ക്കും തോല്‍പിക്കാന്‍ കഴിയില്ലെന്നാണു ബിജെപി നേതാവ് ഒ.രാജഗോപാലും പറഞ്ഞത്. കേരളത്തില്‍ രണ്ടക്ക സീറ്റ് ലഭിക്കുമെന്നാണ് ബിജെപി പറയുന്നത്. രണ്ട് പൂജ്യമായിരിക്കും കിട്ടുക. വയനാട്ടിലെ വന്യജീവി പ്രശ്‌നവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പിനുശേഷം നടക്കും. രണ്ട് സംസ്ഥാനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്ന നടപടികളുണ്ടാകും'' എന്നും ഡി.കെ.ശിവകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.