അമ്മ ഭരണസമിതി പിരിച്ചുവിട്ടത് സ്വാഗതാര്‍ഹം: ബിനോയ് വിശ്വം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഇരകള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സുരേഷ് ഗോപി നടത്തിയ പ്രതികരണം അപക്വമാണെന്നും അദ്ദേഹം പറഞ്ഞു.

author-image
Prana
New Update
binoy vishwam
Listen to this article
0.75x 1x 1.5x
00:00 / 00:00

'അമ്മ' സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടത് സ്വാഗതാര്‍ഹവും, മാന്യവുമായ നടപടിയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അമ്മ എന്ന അഭിമാനകരമായ പേര് അപമാനകരമാവുന്നത് തടയാന്‍ സ്വീകരിച്ച നടപടി സംസ്ഥാനത്തെ സാംസ്‌ക്കാരിക മേഖലക്ക് പ്രതീക്ഷ പകരുന്നതാണ്.
സിനിമയിലെ സ്ത്രീത്വം മാനിക്കപ്പെടണം. ഇരകള്‍ക്കും, വേട്ടക്കാര്‍ക്കും ഒരേ പരിഗണന ഉണ്ടായിക്കൂടാ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഇരകള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സുരേഷ് ഗോപി നടത്തിയ പ്രതികരണം അപക്വമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ നടനായ അദ്ദേഹം ജനപ്രതിനിധിയും, കേന്ദ്രമന്ത്രിയുമാണ്. ആ പദവിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന് കഴിയണം. മലയാള സിനിമ ലോക സിനിമക്ക് തന്നെ എന്നും അഭിമാനമായിരുന്നു. ഈ മേഖല ഇപ്പോള്‍ അപമാനിക്കപ്പെട്ടിരിക്കുന്നു.ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതാധികാര സമിതി രൂപീകരിച്ചത് സ്ത്രീ പക്ഷ കാഴ്ച്ചപ്പാടിന്റെ തെളിവാണ്. പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ ആറംഗ പോലീസ് സമിതി രൂപീകരിച്ചു.ഇതില്‍ നാല് പേര്‍ സ്ത്രീകളാണെന്നുള്ളത് സര്‍ക്കാരിന്റെ സ്ത്രീപക്ഷ നിലപാടാണ് എടുത്തുകാട്ടുന്നത്.

സിനിമാ മേഖലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും, ഇവ സ്ത്രീ പക്ഷത്ത് ഹൃദയത്തോട് ചേര്‍ത്തുവച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാണെന്നും അദ്ദേഹം പറഞ്ഞു.

 

Amma Binoy Viswam hema committee report