കൊച്ചി: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ അന്തിമ തീരുമാനം അനാട്ടമി നിയമപ്രകാരമാകും.ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർ പ്രത്യേക യോഗം ചേരും. എംഎം ലോറൻസിന്റെ മകൾ ആശാ ലോറൻസ് എതിർപ്പറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ കോടതി അനാട്ടമി നിയമപ്രകാരം തീരുമാനമെടുക്കാനാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്.കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
1957ലെ അനാട്ടമി നിയമപ്രകാരമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. നിയമം 4 എ പ്രകാരം മൃതശരീരം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് കൈമാറാൻ രണ്ടോ അതിലധികം ആളുകളുടെയോ സാന്നിധ്യത്തിൽ താത്പര്യം പ്രകടിപ്പിച്ചാൽ മതിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിരുന്നു. ലോറൻസിന്റെ മറ്റ് രണ്ടു മക്കളും ഇത് സംബന്ധിച്ച സമ്മതം അറിയിച്ചിരുന്നു.
ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് മൃതശരീരം മെഡിക്കൽ കോളേജിന് നൽകുന്നതിൽ മകൾ ആശാ ലോറൻസ് എതിർപ്പ് അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആശയുടെ വാദങ്ങൾ കേൾക്കും. മൂന്ന് മക്കളുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമായിരിക്കും മെഡിക്കൽ കോളേജ് അധികൃതർ അന്തിമ തീരുമാനം ഹൈക്കോടതിയെ അറിയിക്കുക. ഇതിനായി കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രത്യേക യോഗവും ചേരും.
മൃതശരീരം മെഡിക്കൽ പഠനാവശ്യത്തിന് വിട്ടുനൽകണമെന്ന് സംബന്ധിച്ച് രേഖാമൂലം തെളിവില്ല. കതൃക്കടവ് സെൻറ് ഫ്രാൻസിസ് സേവിയർ പള്ളി ഇടവകാംഗമാണ് ലോറൻസ്, ക്രിസ്ത്യൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും അദ്ദേഹം പിന്തുടർന്നിരുന്നു, മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഈയിടെ പ്രസിദ്ധീകരിച്ച ആത്മകഥയിലും എംഎം ലോറൻസ് പരാമർശിക്കുന്നില്ല, അദ്ദേഹം നിരീശ്വരവാദി ആയിരുന്നെന്ന പ്രതിച്ഛായ നിലത്താൻ സിപിഎം എടുത്ത തീരുമാനമാണിതെന്നാണ് ആക്ഷേപം. മറ്റു മക്കൾ പാർട്ടി തീരുമാനം അനുസരിച്ച് മുന്നോട്ടു പോകാൻ നിർബദ്ധിതരായെന്നാണ് ആശാ ലോറൻസ് ആരോപിക്കുന്നത്. അനുകൂലമായ തീരുമാനമില്ലെങ്കിൽ നിയമപോരാട്ടം ആശാലോറൻസ് തുടരാനാണ് സാധ്യത.